പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ ചാവേറാക്രമണത്തിൽ 16 സൈനികർ കൊല്ലപ്പെട്ടു. സാധാരണക്കാരുൾപ്പെടെ മുപ്പതോളംപേർക്ക് പരിക്കേറ്റു. പരുക്കേറ്റവരിൽ നാലു സൈനികരുടെ നില ഗുരുതരമാണ്. സ്ഫോടക വസ്തു നിറച്ച വാഹനം സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. പരുക്കേറ്റവരിൽ ആറ് പേർ കുട്ടികളാണ്.ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാൻ താലിബാന്റെ ചാവേർ ആക്രമണ വിഭാഗമായ ഹാഫിസ് ഗുൽ ബഹാദൂർ സംഘടന ഏറ്റെടുത്തിട്ടുണ്ട്. സ്ഫോടനത്തിൽ രണ്ട് വീടുകളുടെ മേൽക്കൂരകൾ തകർന്നു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിലെത്തിയ 2021നുശേഷം പാക്കിസ്ഥാനിൽ ഇത്തരം ആക്രമണങ്ങൾ കുത്തനെ കൂടിയിട്ടുണ്ട്. ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലുമായി ഈ വർഷം ഇതുവരെ 290 പേരാണ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. 2025 ലെ ആഗോള ഭീകരവാദ സൂചിക അനുസരിച്ച്, തീവ്രവാദവുമായി ബന്ധപ്പെട്ട മരണങ്ങളിൽ പാകിസ്ഥാൻ 45% വർദ്ധനവ് രേഖപ്പെടുത്തി. 2023 ൽ 748 ൽ നിന്ന് 2024 ൽ 1,081 ആയി ഉയർന്നു. തീവ്രവാദ മരണങ്ങളുടെ കാര്യത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ് പാകിസ്ഥാൻ.



