കോവിഡ്-19 വാക്സിൻ ഇനിമുതൽ ഭൂരിഭാഗം ആൽബർട്ടക്കാർക്കും സൗജന്യമായി ലഭിക്കില്ലെന്ന് പ്രവിശ്യാ സർക്കാർ പ്രഖ്യാപിച്ചു. ഈ തീരുമാനം ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് പ്രായമായവരിൽ, വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വാക്സിൻ ലഭിക്കാൻ ഏകദേശം 110 ഡോളർ (ഏകദേശം 9,500 രൂപ) നൽകേണ്ടി വരുമെന്നതാണ് പ്രധാന വെല്ലുവിളി.
കെയർ ഹോമുകളിലും മറ്റ് കൂട്ടായ താമസസ്ഥലങ്ങളിലും കഴിയുന്നവർ, വീട്ടിൽ ചികിൽസ തേടുന്നവർ, സാമൂഹിക സഹായ പദ്ധതികളിൽ ഉൾപ്പെട്ടവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് മാത്രമാണ് സർക്കാർ വാക്സിൻ സൗജന്യമായി നൽകുന്നത്. മറ്റെല്ലാവർക്കും പണം നൽകി വാക്സിൻ എടുക്കണം.എഡ്മണ്ടണിലെ ഫാർമസിസ്റ്റ് മുഹമ്മദ് എൽഫിഷാവി പറയുന്നത്, ഈ പ്രഖ്യാപനത്തിന് ശേഷം തന്റെ ഫാർമസികളിലേക്ക് നിരവധി ഫോൺ കോളുകൾ വരുന്നുണ്ടെന്നാണ്. ഫാർമസിസ്റ്റുകൾക്ക് വാക്സിൻ നൽകാൻ അനുവാദമുണ്ടാകില്ല; ആരോഗ്യ ക്ലിനിക്കുകളിൽ നിന്ന് മാത്രമേ വാക്സിൻ ലഭ്യമാകൂ.
കഴിഞ്ഞ വർഷം 135 ദശലക്ഷം ഡോളറിന്റെ വാക്സിൻ ഡോസുകൾ പാഴായിപ്പോയെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു. വരാനിരിക്കുന്ന സീസണിലേക്ക് 500,000 ഡോസുകളാണ് ആൽബർട്ട ഓർഡർ ചെയ്തിട്ടുള്ളത്. ഇതിൽ ഒരു ഭാഗം ഉയർന്ന അപകടസാധ്യതയുള്ളവർക്ക് സൗജന്യമായി നൽകും, ബാക്കിയുള്ളവ വിൽക്കും. ഇത് വാക്സിൻ വാങ്ങിയതിന്റെ ചെലവ് തിരിച്ചുപിടിക്കാൻ സഹായിക്കുമെന്നാണ് സർക്കാർ വാദം.നാഷണൽ അഡ്വൈസറി കമ്മിറ്റി ഓൺ ഇമ്മ്യൂണൈസേഷൻ (NACI) നൽകുന്ന വാക്സിൻ ശുപാർശകൾ കാനഡയിൽ നിർബന്ധമല്ല. ആൽബർട്ടയുടെ തീരുമാനം NACI-യുടെ ശുപാർശകളെ അടിസ്ഥാനമാക്കിയാണെന്ന് ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രാഞ്ചിന്റെ ഓഫീസ് അറിയിച്ചു. എന്നാൽ, 65 വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ, തദ്ദേശീയർ, വിവേചനം നേരിടുന്ന മറ്റ് വിഭാഗങ്ങൾ, ആരോഗ്യപ്രവർത്തകർ എന്നിവരടക്കം ഉയർന്ന അപകടസാധ്യതയുള്ള ചില വിഭാഗങ്ങൾക്ക് സൗജന്യ വാക്സിൻ നൽകാത്തത് “ആൽബർട്ടയുടെ പ്രത്യേക ആവശ്യങ്ങളും” വാക്സിൻ സ്വീകരിക്കുന്നതിലെ കുറഞ്ഞ നിരക്കും കാരണമാണെന്നും അവർ വിശദീകരിച്ചു.
യൂണൈറ്റഡ് നഴ്സസ് ഓഫ് ആൽബർട്ട (UNA), ആൽബെർട്ട ടീച്ചേഴ്സ് അസോസിയേഷൻ (ATA) പോലുള്ള സംഘടനകൾ സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വാക്സിൻ ചെലവ് ഗ്രൂപ്പ് ഹെൽത്ത് ബെനിഫിറ്റ് പ്ലാനുകളിൽ ഉൾപ്പെടുത്താൻ യു.എൻ.എ ശ്രമിക്കുന്നുണ്ടെങ്കിലും, ഇത് ജീവനക്കാർക്കും തൊഴിലുടമകൾക്കും പ്രീമിയം വർദ്ധനവിന് കാരണമാകുമെന്ന് യു.എൻ.എ പ്രസിഡന്റ് ഹെതർ സ്മിത്ത് പറഞ്ഞു. തിങ്ങിനിറഞ്ഞ ക്ലാസ്മുറികളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് വാക്സിനേഷൻ സൗജന്യമായി ലഭിക്കണമെന്ന് എ.ടി.എ പ്രസിഡന്റ് ജേസൺ ഷില്ലിംഗ് ആവശ്യപ്പെട്ടു.
കൊളംബിയ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ജാമി ഡാ പറയുന്നത്, വാക്സിൻ സൗജന്യമായി ലഭിച്ചുകൊണ്ടിരുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു മാറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ്. ഇത് കാനഡയിലെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ സ്വകാര്യവൽക്കരണത്തെക്കുറിച്ചുള്ള വലിയ ചർച്ചയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാക്സിൻ സൗജന്യമായി നൽകാത്തത് പൊതുജനാരോഗ്യത്തിന്റെ കാര്യത്തിൽ വാക്സിനേഷന് വലിയ പ്രാധാന്യം നൽകുന്നില്ല എന്നതിന്റെ സൂചനയാണെന്ന് ആൽബർട്ട സർവകലാശാലയിലെ വിദഗ്ദ്ധ ഡോ. ലിനോറ സാക്സിംഗർ പറഞ്ഞു. ഇത് കൂടുതൽ ആളുകൾക്ക് രോഗം വരാനും ആശുപത്രിയിൽ പ്രവേശിക്കേണ്ടി വരാനും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനും സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.



