ഒട്ടാവയിലെ തിരഞ്ഞെടുക്കപ്പെട്ട ഏഴ് പാർക്കുകളിൽ ജൂലൈ 1 മുതൽ പൊതു മദ്യപാനം അനുവദിച്ചുകൊണ്ടുള്ള പൈലറ്റ് പദ്ധതിക്ക് തുടക്കമാകുന്നു. ഒക്ടോബർ 31 വരെ നീണ്ടുനിൽക്കുന്ന ഈ പദ്ധതി പ്രകാരം, രാവിലെ 11 മുതൽ രാത്രി 9 വരെയാണ് ഈ പാർക്കുകളിലെ നിശ്ചിത സ്ഥലങ്ങളിൽ മദ്യപാനം അനുവദിക്കുക. മിന്റോ പാർക്ക്, ബ്രൂവർ പാർക്ക്, ലാൻസ്‌ഡൗൺ പാർക്കിലെ ഗ്രേറ്റ് ലോൺ, മക്നാബ് പാർക്ക്, ക്വീൻസ്‌വുഡ് റിഡ്ജ് പാർക്ക്, റിവറെയിൻ പാർക്ക്, സ്ട്രാത്‌കോണ പാർക്ക് എന്നിവയാണ് മദ്യപാനം അനുവദിക്കപ്പെട്ട പാർക്കുകൾ. മദ്യപാനം അനുവദനീയമാണെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ ഈ പാർക്കുകളിൽ സ്ഥാപിക്കും.നേരത്തെ, പ്രത്യേക അനുമതിയില്ലാതെ നഗരത്തിലെ ഒരു പാർക്കുകളിലും മദ്യപാനം അനുവദനീയമായിരുന്നില്ല.
എന്നാൽ, 2019-ൽ പ്രൊവിൻഷ്യൽ സർക്കാർ കൊണ്ടുവന്ന പുതിയ നിയമഭേദഗതി, മുനിസിപ്പാലിറ്റികൾക്ക് പൊതുസ്ഥലങ്ങളിൽ മദ്യപാനം അനുവദിക്കാൻ അധികാരം നൽകി. കാപ്പിറ്റൽ വാർഡ് കൗൺസിലർ ഷോൺ മെനാർഡ് ഈ പൈലറ്റ് പ്രോഗ്രാം നടപ്പിലാക്കാൻ നഗരസഭാ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. ഈ വർഷം ആദ്യം സമർപ്പിച്ച റിപ്പോർട്ടിനും കമ്മിറ്റിയിൽ നടന്ന ചർച്ചകൾക്കും ശേഷം, കൗൺസിലിൽ ഏകകണ്ഠമായ പിന്തുണയോടെ ഈ ആശയം അംഗീകരിക്കപ്പെട്ടു. ബീച്ചുകൾ, കളിസ്ഥലങ്ങൾ, സ്പ്ലാഷ് പാഡുകൾ, നീന്തൽക്കുളങ്ങൾ, സ്കേറ്റ്ബോർഡ് പാർക്കുകൾ, പാർക്കിംഗ് സ്ഥലങ്ങൾ, ഐസ് റിങ്കുകൾ, സ്പോർട്സ് ഫീൽഡുകൾ, സ്ലെഡിംഗ് കുന്നുകൾ എന്നിവയുടെ സമീപത്ത് മദ്യപാനം അനുവദനീയമല്ലെന്ന് നിയമത്തിൽ വ്യക്തമാക്കുന്നു.



