നോർവേ കിരീടാവകാശിയുടെ മകനായ മാരിയസ് ബോർഗ് ഹോയിബിക്കെതിരെ മൂന്ന് ബലാത്സംഗക്കേസുകളുൾപ്പെടെ 23 കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ടതായി പോലീസ്. നോർവേയുടെ ഭാവി രാജാവിന്റെ വളർത്തുമകനായ ഹോയിബിയെ കഴിഞ്ഞ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ, നവംബർ മാസങ്ങളിലായി മൂന്ന് തവണ അറസ്റ്റ് ചെയ്തിരുന്നു. പത്ത് മാസം നീണ്ട അന്വേഷണത്തിന് ശേഷം നോർവീജിയൻ പോലീസ് കേസ് പ്രോസിക്യൂട്ടർക്ക് കൈമാറി.
ആഗസ്റ്റ് 4, 2024-ന് ആക്രമണക്കേസിൽ അറസ്റ്റിലായതുമുതൽ 28-കാരനായ ഹോയിബി പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിന് രാജകീയ പദവിയോ ഔദ്യോഗിക ചുമതലകളോ ഇല്ല. വിപുലമായ സാക്ഷി മൊഴികൾ, നിരവധി അന്വേഷണങ്ങൾ, വിശദമായ ഡിജിറ്റൽ തെളിവുകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് സമഗ്രമായ അന്വേഷണം നടത്തി എന്നാണ് ഓസ്ലോ പോലീസ് ഡിസ്ട്രിക്റ്റ് പ്രസ്താവനയിൽ അറിയിച്ചത്. 2024 അവസാനത്തിലും 2025 ആദ്യത്തിലുമായി ഹോയിബിയെ പലതവണ ചോദ്യം ചെയ്യുകയും അദ്ദേഹം പോലീസുമായി സഹകരിക്കുകയും ചെയ്തു.
നാല് ലൈംഗികാതിക്രമങ്ങളുൾപ്പെടെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുക, ശാരീരികാതിക്രമങ്ങൾ എന്നിവയും ഹോയിബിക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങളിൽ ഉൾപ്പെടുന്നു. ചില ലൈംഗികാതിക്രമ കേസുകൾ തെളിവുകളുടെ അഭാവം കാരണം തള്ളിയതായി പോലീസ് സ്ഥിരീകരിച്ചു. “കേസിലെ ഇരകളുടെ എണ്ണത്തെക്കുറിച്ച് കൂടുതലൊന്നും പറയാൻ കഴിയില്ലെന്ന് പോലീസ് അറ്റോർണി ആൻഡ്രിയാസ് ക്രൂസെവ്സ്കി പറഞ്ഞു. കേസുമായി നിയമപരമായി മുന്നോട്ട് പോവുകയാണെന്നും ഇതിൽ കൂടുതൽ വിവരങ്ങൾ നൽകാനില്ലെന്നും നോർവേയിലെ റോയൽ ഹൗസ് പ്രസ്താവനയിൽ അറിയിച്ചു.



