കാനഡയിലെ സ്കൂൾ സോണുകളിൽ വാഹനങ്ങളുടെ വേഗപരിധി ജൂലൈ 1 മുതൽ 24 മണിക്കൂറും ബാധകമാകുമെന്ന പ്രചാരണം വ്യാജമാണെന്ന് ബി.സി. ആർ.സി.എം.പി. അറിയിച്ചു. ഡ്രൈവിംഗ് നിയമങ്ങളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും നിർമ്മിത ബുദ്ധി വഴിയും പ്രചരിക്കുന്ന സാഹചര്യത്തിലാണ് പോലീസ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
നിലവിലെ നിയമമനുസരിച്ച്, സ്കൂൾ ദിവസങ്ങളിൽ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയാണ് സ്കൂൾ സോണുകളിൽ 30 കി.മീ/മണിക്കൂർ വേഗപരിധി ബാധകമാകുന്നത്. സൂചനാ ബോർഡുകളിൽ മറ്റ് നിബന്ധനകൾ ഇല്ലെങ്കിൽ ഇത് പാലിക്കണം. കാനഡ ദിനം മുതൽ രാജ്യത്തുടനീളം സ്കൂൾ സോൺ നിയമങ്ങളിൽ മാറ്റം വരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ലഭിക്കുന്നതായി കോർപ്പറൽ മൈക്കിൾ മക്ലൗലിൻ പറഞ്ഞു. “ഈ അഭ്യൂഹങ്ങൾ തെറ്റാണ്. അവ സത്യമല്ല, എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഇത് പെട്ടെന്ന് പ്രചരിക്കുന്നുണ്ട്,”എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്തരം പ്രചാരണങ്ങൾ വ്യാജമാണെന്ന് സൂചിപ്പിക്കുന്ന ചില സൂചനകളും മക്ലൗലിൻ ചൂണ്ടിക്കാട്ടി. ഗതാഗത നിയമങ്ങൾ പ്രധാനമായും പ്രവിശ്യകളുടെ അധികാരപരിധിയിലാണെന്നിരിക്കെ, കേന്ദ്ര നിയമങ്ങളിൽ മാറ്റം വരുന്നുവെന്ന പ്രചാരണം ഒരു “ചുവപ്പ് കൊടിയാണ്” എന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ മാറ്റങ്ങൾ പെട്ടെന്ന് സംഭവിക്കുന്നു എന്നതും സംശയകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചില പോലീസ് അന്വേഷണങ്ങളിൽ, ഈ വ്യാജ പ്രചാരണത്തിന്റെ ആദ്യ ഉറവിടങ്ങളിൽ ഒന്ന് ഇന്ത്യയിലെ ഒരു വെബ്സൈറ്റ് ആണെന്ന് കണ്ടെത്തിയെങ്കിലും, ഇത് നിലവിലുള്ള തെറ്റായ വിവരങ്ങൾ ആവർത്തിക്കുകയാണോ എന്ന് വ്യക്തമല്ല. സമൂഹ മാധ്യമങ്ങളും സെർച്ച് എഞ്ചിനുകളിലൂടെ ലഭ്യമാകുന്നതുൾപ്പെടെയുള്ള ഓൺലൈൻ നിർമ്മിത ബുദ്ധിയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിർമ്മിത ബുദ്ധി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നിർഭാഗ്യകരവും എന്നാൽ അത്ഭുതകരമല്ലാത്തതുമാണെന്ന് ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെമോക്രാറ്റിക് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ പ്രൊഫസറും ഡയറക്ടറുമായ ഹൈദി ത്വോറക് അഭിപ്രായപ്പെട്ടു. നിർമ്മിത ബുദ്ധി കൂടുതൽ വ്യാപകമാകുമ്പോൾ, വിവരങ്ങൾ വിശ്വസനീയമാണോ എന്ന് നിർണ്ണയിക്കാൻ പ്രയാസമാണെന്ന് അവർ പറഞ്ഞു. കനേഡിയൻ കാഴ്ചപ്പാടിൽ ഇത് ആശങ്കാജനകമാണ്, കാരണം ചില നിർമ്മിത ബുദ്ധിക്ക് സർക്കാർ വെബ്സൈറ്റുകൾ പോലുള്ള കൂടുതൽ വിശ്വസനീയമായ ഉറവിടങ്ങൾക്ക് മുൻഗണന നൽകാൻ പ്രോഗ്രാം ചെയ്തിട്ടില്ലെന്ന് ഈ സംഭവം കാണിക്കുന്നു.
നിർമ്മിത ബുദ്ധി സൃഷ്ടിച്ച അനേഷണ ഫലങ്ങൾ ഓൺലൈനിൽ നിലവിലുള്ളവയെ സംഗ്രഹിക്കുന്നുണ്ടെങ്കിലും, ഉയർന്ന നിലവാരമുള്ള വിവരങ്ങൾക്ക് മുൻഗണന നൽകുന്നില്ല. അതിനാൽ, നേരിട്ടുള്ള, പ്രാഥമിക വിവര സ്രോതസ്സുകൾ കണ്ടെത്താൻ അവ ഒഴിവാക്കി മുന്നോട്ട് സ്ക്രോൾ ചെയ്യാൻ അവർ നിർദ്ദേശിച്ചു. ഗതാഗത നിയമങ്ങൾ പോലുള്ള പ്രധാന വിവരങ്ങൾക്കായി ചാറ്റ്ബോട്ടുകളോട് അവയുടെ ഉറവിടങ്ങൾ ചോദിക്കാനും ത്വോറക് ശുപാർശ ചെയ്തു.



