സെവൻ ഇലവൻ കാനഡ സ്റ്റോർ ഒരു സ്ത്രീക്ക് 907,000 ഡോളറിലധികം നഷ്ടപരിഹാരം നൽകണമെന്നുള്ള കീഴ്‌ക്കോടതിയുടെ ഉത്തരവ് റദ്ദാക്കി പ്രൊവിൻഷ്യൽ അപ്പീൽ കോടതി. സെവൻ ഇലവൻ കാനഡയുടെ പാർക്കിംഗ് സ്ഥലത്തിലെ കുഴിയിൽ വീണ് കണങ്കാലിന് ഒടിവുണ്ടായ സംഭവത്തിലാണ് യുവതിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നത്. യുവതിയുടെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ ശാരീരിക പരിക്കുകൾക്ക് കാരണമായതാണോ എന്ന് കീഴ്‌ക്കോടതി ജഡ്ജി കൃത്യമായി പരിശോധിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രൊവിൻഷ്യൽ അപ്പീൽ കോടതി നഷ്ടപരിഹാര നിർണയത്തിൽ പുതിയ വിചാരണയ്ക്ക് ഉത്തരവിട്ടത്.
2018 മെയ് മാസത്തിൽ സ്മിത്തേഴ്സിലെ സെവൻ ഇലവൻ സ്റ്റോറിന് പുറത്ത് ക്രിസ്റ്റൽ ടോമി (37) വീണതിനെ തുടർന്നുണ്ടായ ശാരീരികവും മാനസികവുമായ പരിക്കുകൾക്ക് നഷ്ടപരിഹാരമായി 907,363 ഡോളർ നൽകാൻ കഴിഞ്ഞ വർഷം ബി.സി. സുപ്രീം കോടതി സെവൻ ഇലവനോട് ഉത്തരവിട്ടിരുന്നു. ഇതിൽ 175,000 ഡോളർ പൊതുവായ നഷ്ടപരിഹാരമായും, 494,000 ഡോളർ ഭാവിയിലെ വരുമാന നഷ്ടമായും, 10,000 ഡോളർ കഴിഞ്ഞകാല വരുമാന നഷ്ടമായും, 171,863 ഡോളർ ഭാവിയിലെ വീട്ടുജോലി നഷ്ടമായും, 39,000 ഡോളർ കഴിഞ്ഞകാല വീട്ടുജോലി നഷ്ടമായും, 17,000 ഡോളർ ഭാവിയിലെ ചികിത്സാച്ചെലവായും, 500 ഡോളർ പ്രത്യേക നഷ്ടപരിഹാരമായും ഉൾപ്പെടുന്നു.
കേസ് കോടതിക്ക് പുറത്ത് 125,000 ഡോളറിന് ഒത്തുതീർപ്പാക്കാൻ ടോമി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും സെവൻ ഇലവൻ വിചാരണയ്ക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങൾ കടയുടെ അശ്രദ്ധയുടെ നേരിട്ടുള്ള അനന്തരഫലങ്ങളായി ജഡ്ജി തെറ്റിദ്ധരിച്ചുവെന്ന് 7-ഇലവൻ വിജയകരമായി വാദിച്ചതിനെ തുടർന്നാണ് നഷ്ടപരിഹാരം റദ്ദാക്കാൻ അപ്പീൽ കോടതി തീരുമാനിച്ചത്.
പരിക്കുകളുടെ ഗൗരവവും, മാനസിക പ്രത്യാഘാതങ്ങളും സ്ഥാപിക്കുന്നതിൽ ജഡ്ജിക്ക് തെറ്റ് പറ്റിയെന്ന് ജസ്റ്റിസ് ജെഫ്രി ഗോമെറി ചൂണ്ടിക്കാട്ടി. ഈ പിഴവുകൾ കാരണം നഷ്ടപരിഹാര നിർണയം പുനഃപരിശോധിക്കാൻ കോടതിക്ക് സാധിക്കില്ലെന്നും അതിനാൽ പുതിയ വിചാരണ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ടോമിയുടെ കണങ്കാലിനും പുറകിലുമുണ്ടായ പരിക്കുകൾ അവരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായെന്ന് കണ്ടെത്താതെ മാനസികാരോഗ്യ പ്രശ്‌നങ്ങളെ നഷ്ടപരിഹാര നിർണയത്തിൽ ഉൾപ്പെടുത്തിയത് നിയമപരമായ പിഴവാണെന്ന് ഗോമെറി കൂട്ടിച്ചേർത്തു.
7-ഇലവൻ തങ്ങൾക്ക് യാതൊരു ബാധ്യതയുമില്ലെന്ന് വാദിച്ചു. പാർക്കിംഗ് സ്ഥലം സുരക്ഷിതമായിരുന്നെന്നും പരിക്ക് പറ്റിയ ഭാഗത്ത് ചെറിയ കുഴി മാത്രമാണുണ്ടായിരുന്നതെന്നും അവർ വാദിച്ചു. ബി.സി. സ്റ്റോറുകളിലെ ജീവനക്കാർ ഓൺലൈൻ സുരക്ഷാ കോഴ്‌സ് പൂർത്തിയാക്കുകയും ജോലിസ്ഥലത്തെ അപകടങ്ങളെക്കുറിച്ച് ചോദ്യാവലി പൂരിപ്പിക്കുകയും ചെയ്യണമെന്ന് സെവൻ ഇലവൻ അസറ്റ് പ്രൊട്ടക്ഷൻ സൂപ്പർവൈസർ മൊഴി നൽകി.
സെവൻ ഇലവന്റെ അപ്പീൽ അനുവദിച്ചുകൊണ്ട്, ബി.സി. സുപ്രീം കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും നഷ്ടപരിഹാരം നിർണ്ണയിക്കാൻ സെവൻ ഇലവന് ബാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.



