കാനഡയിലെ ഫെഡറൽ സർക്കാർ നേരിട്ട് നടത്തിയിരുന്ന ‘ഇന്ത്യൻ ആശുപത്രികൾ’ എന്നറിയപ്പെട്ട സ്ഥാപനങ്ങളിൽ അതിക്രമങ്ങൾക്കും മോശം ചികിത്സയ്ക്കും ഇരയായവർക്ക് നഷ്ടപരിഹാരം നൽകാനുള്ള ക്ലാസ് ആക്ഷൻ (കൂട്ടായ നിയമനടപടി) ഒത്തുതീർപ്പ് ഫെഡറൽ കോടതി അംഗീകരിച്ചു. തദ്ദേശീയ സമൂഹങ്ങളുടെ വർഷങ്ങളായുള്ള നിയമപോരാട്ടത്തിൽ നിർണ്ണായകമായൊരു വഴിത്തിരിവാണിത്.
1936 മുതൽ 1981 വരെ കാനഡ സർക്കാർ തദ്ദേശീയ സമൂഹങ്ങൾക്കായി 33 പ്രത്യേക ആശുപത്രികളാണ് നടത്തിയിരുന്നത്. ഈ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവർ, പലപ്പോഴും വർഷങ്ങളോളം ചികിത്സയിൽ കഴിഞ്ഞിരുന്നവർ, 2018-ൽ സർക്കാരിനെതിരെ കൂട്ടായി ഹർജി നൽകുകയായിരുന്നു. ആശുപത്രികളിലെ അതിക്രമങ്ങളെയും മനുഷ്യത്വം തീരെ ഇല്ലാത്ത ചികിത്സാരീതികളെയും ചോദ്യം ചെയ്തായിരുന്നു ഈ നിയമനടപടി. ഈ വർഷം ആദ്യം കോടതിക്ക് പുറത്ത് സർക്കാരുമായി ഒരു ഒത്തുതീർപ്പിൽ ഇവർ എത്തിയിരുന്നു.
ഈ ഒത്തുതീർപ്പ് പ്രകാരം, ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുകയും അതിക്രമങ്ങൾ അനുഭവിക്കുകയും ചെയ്ത എല്ലാവരും ഈ ക്ലാസ് ആക്ഷന്റെ ഭാഗമാകും. ഇവർക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുക 10,000 ഡോളർ മുതൽ 200,000 ഡോളർ വരെയാകാം. ഇത് അഞ്ച് വ്യത്യസ്ത തലങ്ങളിലായാണ് നിശ്ചയിക്കുക. ഇതിനു പുറമെ, അതിക്രമങ്ങൾ അനുഭവിച്ചവരുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായി 150 ദശലക്ഷം ഡോളറിന്റെ (ഏകദേശം 1250 കോടി രൂപ) ഒരു ‘ഹീലിംഗ് ഫണ്ടും’ സ്ഥാപിക്കും. ‘ഇന്ത്യൻ ആശുപത്രികളെ’ കുറിച്ചുള്ള ഗവേഷണങ്ങൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുമായി 235.5 ദശലക്ഷം ഡോളറും നീക്കിവെച്ചിട്ടുണ്ട്.
ഹർജിക്കാരന്റെ പ്രതിനിധിയായ ആൻ സെസൈൽ ഹാർഡി തന്റെ ഭീകരമായ അനുഭവം പങ്കുവെച്ചു. “ക്ഷയരോഗ ചികിത്സയ്ക്കായി നാനവില്ലിയം ആശുപത്രിയിൽ എത്തിയപ്പോഴാണ് ഈ അതിക്രമങ്ങൾ സംഭവിച്ചത്. ആരോഗ്യം വീണ്ടെടുക്കേണ്ട ഒരിടത്ത് എനിക്ക് ഭയവും മാനസിക പിരിമുറുക്കവും മാത്രമാണ് ലഭിച്ചത്” ഹാർഡി പറഞ്ഞു. ജീവനക്കാർ പലതവണ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റ് രോഗികളെ ഉപദ്രവിക്കുന്നത് കാണുകയും ചെയ്തത് തന്നെ മാനസികമായും ശാരീരികമായും തകർത്തെന്നും, അത് തന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചെന്നും അവർ കൂട്ടിച്ചേർത്തു.



