താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് നടൻ മോഹൻലാൽ പറഞ്ഞതോടെ സംഘടനയിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. താര സംഘടന പ്രതിസന്ധിയിൽ നിൽക്കുന്ന ഘട്ടമാണിതെന്നും മോഹൻലാൽ തുടരണമെന്നും ചർച്ചയിൽ പങ്കെടുത്ത എല്ലാവരും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മുഴുവൻ അംഗങ്ങളുടേയും പിന്തുണ ഇല്ലാതെ താൻ പ്രസിഡന്റ് സ്ഥാനത്ത് നിൽക്കില്ലെന്ന നിലപാടിൽ മോഹൻലാൽ ഉറച്ചുനിന്നു. സീനിയർ അംഗങ്ങൾ ഉൾപ്പെടെ മോഹൻലാലിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഒരാളുടെയെങ്കിലും എതിർപ്പുണ്ടെങ്കിൽ താൻ പ്രസിഡന്റ് സ്ഥാനത്തുണ്ടാകില്ല എന്ന് മോഹൻലാൽ ആവർത്തിച്ച് വ്യക്തമാക്കി.
ബാബുരാജിനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. അദ്ദേഹത്തിനെതിരെ പീഡന ആരോപണങ്ങളും കേസുകളും ഉണ്ടായ പശ്ചാത്തലത്തിലാണ് വിമർശനങ്ങളുണ്ടായത്. അഡ്‌ഹോക് കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അഡ്‌ഹോക് കമ്മിറ്റിയുടെ കാലാവധി അവസാനിക്കാൻ ഇനി മൂന്ന് മാസമാണുള്ളത്. തിരഞ്ഞെടുപ്പില്ലാതെ തന്നെ ഭാരവാഹികളെ തീരുമാനിക്കാനായിരുന്നു കമ്മിറ്റി ആദ്യം നീക്കം നടന്നിരുന്നത്. ഇന്നലെ നടന്ന ജനറൽ ബോഡിയിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടെന്നും പിന്നീട് നടത്തുമെന്നുമാണ് അഡ്‌ഹോക് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.



