അമേരിക്ക ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ, മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ നിയന്ത്രിക്കാൻ കാനഡാ പ്രധാനമന്ത്രി മാർക് കാർണി എല്ലാ കക്ഷികളോടും “ഉടൻതന്നെ ചർച്ചകളിലേക്ക് തിരിച്ചെത്താൻ” ആഹ്വാനം ചെയ്തു. മേഖലയിലെ സംഘർഷാവസ്ഥ നിയന്ത്രിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ്റെ ആണവ പദ്ധതി അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ്.
ഇറാൻ ആണവായുധം നിർമിക്കുന്നതിനെ എതിർക്കുന്ന കാനഡയുടെ നിലപാട് മാറിയിട്ടില്ലെന്ന് കാർണി തന്റെ എക്സ് പോസ്റ്റിൽ എഴുതി. ഇന്നലെ രാത്രി യുഎസ് നടത്തിയ സൈനിക നടപടി ആ ഭീഷണിയെ നേരിടാൻ വേണ്ടിയായിരുന്നു, എങ്കിലും മിഡിൽ ഈസ്റ്റിലെ സാഹചര്യം അതീവ ഗുരുതരമാണ്.
മേഖലയിലെ സമാധാനം കാനഡയുടെ മുഖ്യ പരിഗണനയാണ് എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് ശേഷം, വിദേശകാര്യ മന്ത്രി അനിത ആനന്ദ് മിഡിലീസ്റ്റിലെ കാനഡയിലെ പൗരന്മാരോട് ഗ്ലോബൽ അഫയേഴ്സ് കാനഡയിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടു. “ഓരോ രാജ്യത്തിന്റെയും യാത്രാ സൗകര്യങ്ങളും പിന്തുണാ സേവനങ്ങളും അറിയിക്കാൻ ഇത് സഹായകമാകും” ആനന്ദ് പറഞ്ഞു.
കാർണിയും ആനന്ദും ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ച് നിരന്തരം ബ്രീഫിംഗുകൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും, കാനഡക്കാർക്ക് സംരക്ഷണം നൽകാൻ ആവശ്യമായ എല്ലാ വിഭവങ്ങളും ഒരുക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ആനന്ദ് വ്യക്തമാക്കി. ഈ പ്രതിസന്ധി ഘട്ടത്തിൽ നയതന്ത്രപരമായ ഇടപെടലുകൾക്ക് കാനഡ നൽകുന്ന പ്രാധാന്യം ഈ ആഹ്വാനങ്ങളിലൂടെ വ്യക്തമാകുന്നു.



