ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം. ഫോർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു.ഇറാൻ–ഇസ്രയേൽ സംഘർഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസും ആക്രമണത്തിൽ പങ്കാളിയാകുന്നത്. എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ല.
അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം. ഉഗ്ര പ്രഹര ശേഷിയുള്ള യു എസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങൾ അമേരിക്കയിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്ന് പസഫിക് സമുദ്രത്തിന് കുറുകെ പോവുകയായിരുന്നു. ഇതോടെ യുദ്ധത്തിന്റെ രൂപം തന്നെ മാറിയേക്കാം.
‘‘ മൂന്ന് ആണവ നിലയങ്ങളിൽ വിജയകരമായി ആക്രമണം നടത്തി. നതാൻസ്, ഫോർദോ, ഇസ്ഫാൻ എന്നീ ആണവനിലയങ്ങളിലാണ് ആക്രമണം നടത്തിയത്. എല്ലാ വിമാനങ്ങളും ആക്രമണത്തിനുശേഷം ഇറാന്റെ വ്യോമപരിധിയിൽനിന്ന് പുറത്തെത്തി. അമേരിക്കൻ സൈനികരെ അഭിനന്ദിക്കുന്നു. ലോകത്തിലെ മറ്റൊരു രാജ്യത്തിലെ സൈന്യത്തിനും ഇത് ചെയ്യാനാകില്ല. ഇനി സമാധാനത്തിന്റെ സമയമാണ്– ട്രംപ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.



