ടൊറന്റോയിലെ ബാത്തർസ്റ്റ് സബ്വേ സ്റ്റേഷനിൽ ശനിയാഴ്ച രാവിലെ ഒരാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, ലൈംഗികമായി ആക്രമിക്കുകയും ചെയ്ത കേസിൽ 32 വയസ്സുകാരനായ ഒരു പ്രതിക്കായി പോലീസ് ഊർജ്ജിത തിരച്ചിൽ ആരംഭിച്ചു. രാവിലെ 9:30-ഓടെയാണ് ലൈൻ 2 ടിടിസി സ്റ്റേഷനിൽ നിന്ന് പോലീസിന് കോൾ ലഭിച്ചത്. ഒരാൾ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഒരു അജ്ഞാതൻ അടുത്തേക്ക് വരികയായിരുന്നു. ഇയാൾ ഇരയെ ശ്വാസം മുട്ടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും മർദിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
മറ്റൊരാൾ ഇടപെടാൻ ശ്രമിച്ചപ്പോൾ അയാളെയും അക്രമി മർദിച്ചു. പിന്നീട്, അക്രമി കാൽനടയായി ഓടി രക്ഷപ്പെട്ടു. ആക്രമണത്തിൽ ഇരകൾക്ക് പരിക്കുകളുണ്ടായതായി പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം, അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയുടെ ചിത്രം പുറത്തുവിട്ടു. ടൊറന്റോ സ്വദേശിയായ ആന്റണി എൻഗുയെൻ ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ശ്വാസം മുട്ടിച്ചതിനും, ലൈംഗികാതിക്രമത്തിനും, രണ്ട് മർദന കേസുകളിലും എൻഗുയെനെ പോലീസ് തിരയുന്നു. അഞ്ച് അടി പത്ത് ഇഞ്ച് ഉയരവും ഇടത്തരം ശരീരപ്രകൃതിയുമുള്ള ഇയാളുടെ മുടി കറുത്തതാണ്. ഇയാളെ അവസാനമായി കണ്ടപ്പോൾ കറുത്ത ഹൂഡഡ് ഷർട്ട്, കറുത്ത ഷോർട്ട്സ്, കറുത്ത ബേസ്ബോൾ ക്യാപ്, കറുപ്പും വെളുപ്പുമുള്ള ഷൂസ് എന്നിവയായിരുന്നു ധരിച്ചിരുന്നത്.
എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 416-808-7474 എന്ന നമ്പറിലോ, ക്രൈം സ്റ്റോപ്പേഴ്സുമായി 416-222-TIPS (8477) എന്ന നമ്പറിലോ അല്ലെങ്കിൽwww.222tips.comവഴിയോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.



