ഇസ്രായേൽ-ഇറാൻ സംഘർഷം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ വ്യാഴാഴ്ച ഇറാൻ ഇസ്രായേലിനെതിരെ ക്ലസ്റ്റർ ബോംബുകളോടുകൂടിയ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഈ യുദ്ധത്തിൽ ആദ്യമായാണ് ഇത്തരം വിവാദ ആയുധങ്ങൾ ഉപയോഗിക്കപ്പെടുന്നത്. ഇസ്രായേൽ റിപ്പോർട്ടുകൾ പ്രകാരം, മിസൈലിന്റെ വാർഹെഡ് ഏതാണ്ട് 7 കിലോമീറ്റർ ഉയരത്തിൽ വച്ച് പൊട്ടിത്തെറിക്കുകയും, ഇതിന്റെ ഫലമായി ഏകദേശം 20 ചെറിയ ബോംബുകൾ മധ്യ ഇസ്രായേലിൽ അഞ്ച് മൈൽ ചുറ്റളവിൽ ചിതറി പതിക്കുകയായിരുന്നു.
ഈ ചെറിയ ബോംബുകളിൽ ഒന്ന് മധ്യ ഇസ്രായേലിലെ അസോർ പട്ടണത്തിലെ ഒരു വീട്ടിൽ പതിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ മിലിട്ടറി കറസ്പോണ്ടന്റ് ഇമ്മാനുവേൽ ഫാബിയൻ റിപ്പോർട്ട് ചെയ്തു. ഇതിൽ ചെറിയ തോതിലുള്ള നാശനഷ്ടം ഉണ്ടായെങ്കിലും ആളപായം സംഭവിച്ചിട്ടില്ല.
ക്ലസ്റ്റർ ബോംബുകൾ അവ പൊട്ടിത്തെറിക്കുമ്പോൾ എത്ര പ്രദേശത്ത് വ്യാപിക്കുമെന്ന് നിയന്ത്രിക്കാൻ കഴിയാത്തതും, യുദ്ധാനന്തരം പൊട്ടാതെ അവശേഷിക്കുന്ന ഭാഗങ്ങൾ ഉണ്ടാക്കുന്ന അപകടവും കാരണം ആഗോളതലത്തിൽ വിവാദപരമായ ആയുധങ്ങളാണ്. “ഭീകരവാദ ഭരണകൂടം സാധാരണക്കാരെ ഉപദ്രവിക്കാൻ ശ്രമിക്കുകയും നാശനഷ്ടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതിനായി വിശാലമായി ചിതറുന്ന ആയുധങ്ങൾ ഉപയോഗിക്കുകയും ചെയ്തു,” എന്ന് ഇസ്രായേൽ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ബാധിത പ്രദേശങ്ങളിൽ പൊട്ടാത്ത ബോംബിന്റെ ഭാഗങ്ങളുടെ അപകടത്തെക്കുറിച്ച് സാധാരണക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി സൈന്യം ഒരു പൊതു മുന്നറിയിപ്പ് ഗ്രാഫിക്കും പുറത്തിറക്കി.
ആംസ് കൺട്രോൾ അസോസിയേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡാരിൽ കിംബാൾ ഇത്തരം ആയുധങ്ങളുടെ ഉപയോഗത്തെ വിമർശിച്ചുകൊണ്ട് പറഞ്ഞു, “ഇവ വിശാലമായ പ്രദേശങ്ങളിൽ നാശനഷ്ടം വരുത്തുന്ന ഭീകര ആയുധങ്ങളാണ്, പ്രത്യേകിച്ചും സാധാരണക്കാർ താമസിക്കുന്ന പ്രദേശങ്ങളിൽ ഉപയോഗിച്ചാൽ… ക്ലസ്റ്റർ ആയുധങ്ങൾ സൈനിക ലക്ഷ്യങ്ങളെക്കാൾ സാധാരണ ജനങ്ങളെയാണ് ബാധിക്കുന്നത്.” ക്ലസ്റ്റർ ആയുധങ്ങളുടെ ഉപയോഗം, കൈമാറ്റം, സംഭരണം എന്നിവ നിരോധിക്കുന്ന 2008 ലെ അന്താരാഷ്ട്ര ഉടമ്പടിയിൽ ഇറാനും ഇസ്രായേലും ഒപ്പുവച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 111 രാജ്യങ്ങളും 12 സ്ഥാപനങ്ങളും അംഗീകരിച്ച ഈ ഉടമ്പടിയിൽ അമേരിക്കയും ഭാഗമല്ല. 2023- ൽ റഷ്യൻ സേനകൾക്കെതിരായ ഉപയോഗത്തിന് യുക്രെയ്ന് ക്ലസ്റ്റർ ആയുധങ്ങൾ വിതരണം ചെയ്തതിന് അമേരിക്ക വിവാദത്തിലായിരുന്നു



