കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ. തൃപ്പൂണിത്തുറ സ്വദേശിനി കീർത്തന എസ്. കുമാർ (35) ആണ് അറസ്റ്റിലായത്. കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് പുത്തൻകുരിശ് സ്വദേശികളായ ദമ്പതികളിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. ദമ്പതിമാരായ ബേസിലും വീണ വർഗീസുമാണ് പരാതി നൽകിയത്. 2023ലാണ് കേസിന് ആസ്പദമായ സംഭവം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കാരിയായ വീണയുടെ സഹപ്രവർത്തകയായിരുന്നു കീർത്തന. കീർത്തനയുടെ ബന്ധു തൃശൂർ സ്വദേശി പ്രതാപ് (45) ആണ് മറ്റൊരു പ്രതി.
തനിക്ക് ന്യൂസീലൻഡിലെ ജോലിക്കായി ബന്ധു വിസ ശരിയാക്കി നൽകിയെന്നും താൽപര്യമുണ്ടെങ്കിൽ കാനഡയ്ക്ക് വിസ ലഭിക്കുമെന്നും കീർത്തന അറിയിച്ചതിനെ തുടർന്നാണ് വീസയ്ക്കായി പണം നൽകിയതെന്നാണ് ദമ്പതികൾ പരാതിയിൽ പറയുന്നത്. കീർത്തനയുടെ ബന്ധു പ്രതാപ് ഡൽഹിയിൽ നോർക്കയിലെ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് ദമ്പതിമാരെ പരിചയപ്പെട്ടത്. 12 ലക്ഷം രൂപ കാനഡയ്ക്കുള്ള ജോബ് വിസയ്ക്ക് ചെലവ് വരുമെന്നും പ്രതാപ് ദമ്പതിമാരെ അറിയിച്ചു.
എറണാകുളം നോർത്തിലെ ഒരു സ്ഥാപനത്തിന്റെ പേരിലുള്ള അക്കൗണ്ട് നമ്പറാണ് വിസയ്ക്ക് പണം കൈമാറുന്നതിന് നൽകിയത്. അങ്കമാലി, പച്ചാളം ബാങ്ക് ശാഖകളിൽ നിന്ന് 10 ലക്ഷം രൂപ ഇതുപ്രകാരം വിസയ്ക്കായി കൈമാറിയെന്നും പണം നൽകി 7 മാസം കാത്തിരുന്നിട്ടും വിസ ലഭിച്ചില്ലെന്നും ദമ്പതിമാർ പരാതിയിൽ പറയുന്നു. അങ്കമാലി പൊലീസിൽ കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് പരാതി നൽകിയത്. കേസിൽ ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് കീർത്തനയെ അറസ്റ്റ് ചെയ്തത്.



