ബ്രിട്ടീഷ് കൊളംബിയയിലെ അഭിഭാഷകന് അയൽവാസിയെ മർദിച്ച കേസിൽ ഒരു മാസത്തെ സസ്പെൻഷൻ. 80 വയസ്സുകാരനായ അയൽവാസിയെ മർദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അഭിഭാഷകനായ ജേസൺ എഡ്വേർഡ് ഹാർപ്പിന് പ്രൊഫഷണൽ റെഗുലേറ്റർ ഒരു മാസത്തെ സസ്പെൻഷൻ ശിക്ഷ വിധിച്ചത്.
” തൊഴിലിന് ചേരാത്ത പെരുമാറ്റം” സമ്മതിച്ചുകൊണ്ട് ലോ സൊസൈറ്റി ഓഫ് ബി.സിയുമായി ഹാർപ്പ് ഒരു ഒത്തുതീർപ്പ് കരാറിൽ ഏർപ്പെടുകയായിരുന്നു. ഈ വിവരം വെള്ളിയാഴ്ച ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു രേഖയിലാണ് അറിയിച്ചിരിക്കുന്നത്. 2024 ഡിസംബറിൽ ഹാർപ്പിന്റെ കെട്ടിടത്തിന്റെ ഭൂഗർഭ പാർക്കിംഗ് സ്ഥലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിവേഗം വാഹനമോടിക്കുന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം പറയാൻ ഹാർപ്പ് തന്റെ അയൽവാസിയുടെ “വിന്റേജ് കോർവെറ്റ്” കാറിനടുത്തെത്തി. ഡ്രൈവറുടെ മറുപടിയിൽ തൃപ്തനാകാത്ത ഹാർപ്പ് കാറിന്റെ ബോണറ്റിൽ ഇരുന്നു. കാറിന് മുകളിലിരിക്കുമ്പോൾ ഹാർപ്പ് കയ്യിലുണ്ടായിരുന്ന മഫിൻ പൊതിഞ്ഞ് കഴിക്കുകയും ചെയ്തു.
കാറിന്റെ ഡ്രൈവർ പുറത്തിറങ്ങി അഭിഭാഷകനെ വാഹനത്തിൽ നിന്ന് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഹാർപ്പ് അയൽവാസിയുടെ മുഖത്ത് ഇടിച്ചത്. ഇതിനെ തുടർന്ന് കാറിന്റെ ഡ്രൈവറായ 80 കാരന് ബാലൻസ് നഷ്ടപ്പെടുകയും നിലത്ത് വീഴുകയും ചെയ്തു. സംഭവത്തിന്റെ അടുത്ത ദിവസം തന്നെ ഹാർപ്പ് അധികാരികളെ വിവരമറിയിക്കുകയും, പ്രൊഫഷണൽ ദുഷ്പെരുമാറ്റമായി കണക്കാക്കപ്പെടുന്നു എന്ന് അദ്ദേഹം തന്നെ സമ്മതിക്കുകയും ചെയ്തു..
നിയമത്തിന്റെ ശരിയായ നടത്തിപ്പ് ഉയർത്തിപ്പിടിക്കാനുള്ള തന്റെ കടമ നിറവേറ്റുന്നതിന് ക്രൗൺ, ലോ സൊസൈറ്റി എന്നിവരുമായി സഹകരിക്കാനുള്ള തന്റെ ആഗ്രഹം അഭിഭാഷകൻ അറിയിച്ചതായും കരാറിൽ പറയുന്നു. ശിക്ഷിക്കപ്പെട്ടതിന് ശേഷം, അച്ചടക്ക നടപടികളുടെ ഫലം വരുന്നത് വരെ തന്റെ പ്രാക്ടീസ് നിർത്തിവെക്കാൻ ഹാർപ്പ് സമ്മതിച്ചിരുന്നു. ഹാർപ്പ് വീണ്ടും പ്രാക്ടീസിലേക്ക് മടങ്ങിയെത്തിയാൽ ഈ ഒരു മാസത്തെ സസ്പെൻഷൻ പ്രാബല്യത്തിൽ വരും. ഇത് അദ്ദേഹത്തിന്റെ അഭിഭാഷകവൃത്തിയിലെ ഭാവിക്ക് ഒരു താക്കീതായിരിക്കുമെന്നാണ് നിയമ വൃത്തങ്ങൾ വിലയിരുത്തുന്നത്.









