കാനഡയിലെ കനനാസ്കിസിൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ G7 ഉച്ചകോടിക്ക് ഇന്ന് തുടക്കമായി. ജൂൺ 15 മുതൽ 17 വരെ നടക്കുന്ന ഈ ഉച്ചകോടിയിൽ കാനഡ, അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെ നേതാക്കൾ പങ്കെടുക്കും. ഉക്രൈൻ പ്രസിഡന്റ് സെലെൻസ്കി, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും ക്ഷണിതാക്കളായി എത്തിയിട്ടുണ്ട്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്നത്.
കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ നടപടികളാണ് ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ജൂൺ 10 മുതൽ 18 വരെ നിയന്ത്രിത പ്രവേശന മേഖലയായി കനനാസ്കിസിനെ പ്രഖ്യാപിച്ചിട്ടുണ്ട്. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP), കാൽഗറി പോലീസ്, ആൽബെർട്ട ഷെരീഫുകൾ, കനേഡിയൻ സായുധ സേന എന്നിവരുടെ സംയുക്ത നിയന്ത്രണത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കാനനാസ്കിസ് മേഖലയിലെ നിരവധി ഹൈക്കിംഗ് പാതകൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചില സ്ഥലങ്ങൾ പൂർണ്ണമായും അടച്ചപ്പോൾ, മറ്റു ചിലത് നിയന്ത്രിത മേഖലയുടെ അതിർത്തി വരെ മാത്രം പൊതുജനങ്ങൾക്ക് പ്രവേശനാനുമതി നൽകിയിട്ടുണ്ട്.
ത്രീ സിസ്റ്റേഴ്സ് പാർക്ക് വേ, മൗണ്ട് ലോഗ്ഹീഡ് വ്യൂപോയിന്റ്, ബാരിയർ ലേക്ക്, സ്റ്റോണി ട്രെയിൽ തുടങ്ങിയ സ്ഥലങ്ങൾ നിയന്ത്രിത മേഖലയുടെ അതിർത്തി വരെ തുറന്നിട്ടുണ്ട്. അതേസമയം, റമ്മൽ പാസ് ട്രെയിൽ, സ്പാറോഹോക്ക് ട്രെയിൽ, ഹൈ റോക്കീസ് ട്രെയിൽ തുടങ്ങിയവ പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. ഉച്ചകോടി അവസാനിക്കുന്നത് വരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുമായി സഹകരിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.ഉച്ചകോടിയോടനുബദ്ധിച്ച് വ്യോമ, ഡ്രോൺ രഹിത മേഖലകളും പ്രഖ്യാപിച്ചിട്ടുണ്ട്; ഇത് ലംഘിക്കുന്ന വിമാനങ്ങളോ ഡ്രോണുകളോ വെടിവെച്ചിടാനും അനുമതി നൽകിയിട്ടുണ്ട്.
ഉച്ചകോടി നടക്കുന്ന ദിവസങ്ങളിൽ കാൽഗറി വിമാനത്താവളത്തിൽ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. G7 ഉച്ചകോടിക്ക് പുറമെ റോട്ടറി കൺവെൻഷനും കാൽഗറി സ്റ്റാമ്പീഡും നടക്കുന്നതിനാൽ പ്രതിദിനം 67,000-ൽ അധികം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ജൂൺ 14 മുതൽ 18 വരെ വിമാനത്താവളത്തിന് സമീപം പാർക്കിംഗും വാഹനങ്ങൾ നിർത്തുന്നതും നിരോധിച്ചിട്ടുണ്ട്. വിമാനത്താവള തുരങ്കം ജൂൺ 15 മുതൽ 18 വരെ അടച്ചിടും. യാത്രക്കാർ പതിവിലും 30 മിനിറ്റ് മുൻപ് വിമാനത്താവളത്തിൽ എത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.
യാത്രാതിരക്കുകൾ, പ്രത്യേകിച്ച് പടിഞ്ഞാറൻ ദിശയിലേക്കും ഡൗൺടൗണിലേക്കും, ഉണ്ടാകാൻ സാധ്യതയുണ്ട്. റോഡുകൾ താൽകാലികമായി അടച്ചിടുന്നതും ഗതാഗതക്കുരുക്കിന് കാരണമാകും. പൊതുഗതാഗത മാർഗ്ഗങ്ങൾ, സൈക്കിളുകൾ, അല്ലെങ്കിൽ കാർപൂളിംഗ് എന്നിവ ഉപയോഗിക്കാൻ താമസക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.



