ഇസ്രയേലിന്റെ മൂന്നാമത്തെ എഫ്–35 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് അവകാശപ്പെട്ട് ഇറാൻ. പൈലറ്റിനെ ഇറാൻ സൈന്യം അറസ്റ്റ് ചെയ്തെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ടു ചെയ്തു. അതേസമയം വാർത്ത ഇസ്രയേൽ സൈന്യം നിഷേധിച്ചിട്ടുണ്ട്. ഇറാന്റെ അവകാശവാദം അടിസ്ഥാനരഹിതമാണെന്നും ഇറാൻ മാധ്യമങ്ങൾ വ്യാജവാർത്ത പടർത്തുകയാണെന്ന് ഇസ്രയേൽ സൈനിക വക്താവ് അവിചായ് അദ്രയി എക്സിൽ പ്രതികരിച്ചു. നേരത്തെ മറ്റു രണ്ട് എഫ്–35 വിമാനങ്ങൾ കൂടി വെടിവച്ചിട്ടെന്ന് ഇറാൻ അവകാശപ്പെട്ടിരുന്നു.ഇറാനെ ലക്ഷ്യമിട്ട് ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണ് മൂന്നാമത്തെ വിമാനവും വെടിവച്ചിട്ടെന്ന ഇറാന്റെ അവകാശവാദം. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇസ്രയേൽ വൻ വ്യോമാക്രമണം നടത്തിയത്. വെള്ളിയാഴ്ച ടെഹ്റാൻ നഗരത്തിലും പരിസരങ്ങളിലും വ്യോമാക്രമണം നടത്തി 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ ആക്രമണം. ടെഹ്‌റാനിലെ നൂറുകണക്കിന് ആണവ, സൈനിക കേന്ദ്രങ്ങൾ ഇസ്രയേൽ ലക്ഷ്യം വച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഇറാന്റെ മൂന്ന് ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇറാന്റെ കെർമൻഷാ പ്രവിശ്യയിലെ സൈനിക താവളത്തിൽ സ്ഫോടനം നടന്നതായും സൂചനയുണ്ട്.
സമാധാന ആഹ്വാനവുമായി ലിയോ പതിനാലാമൻ മാർപാപ്പ രംഗത്തെത്തി. ഇസ്രയേലും ഇറാനും ഉത്തരവാദിത്തത്തോടെയും യുക്തിയോടെയും പെരുമാറണമെന്നാണ് മാർപാപ്പയുടെ ആഹ്വാനം. ഇസ്രയേൽ-ഇറാൻ സംഘർഷത്തിനിടെ ടെഹ്‌റാനിലുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ നഗരം വിടുന്നതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. നേരത്തെ ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ സഹായം അഭ്യർഥിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തെഴുതിയിരുന്നു. ടെഹ്റാൻ നഗരത്തിൽ വ്യാപകമായി വ്യോമാക്രമണ സൈറണുകൾ കേട്ടതായും ഭൂചലനം അനുഭവപ്പെട്ടതായുമാണ് വിദ്യാർഥികൾ പറയുന്നത്.



