വെള്ളിയാഴ്ച പുലർച്ചെ നടന്ന ഇസ്രായേലിന്റെ വ്യാപക വ്യോമാക്രമണത്തിന് ശക്തമായ മറുപടിയായി ഇറാൻ ഇസ്രായേലി പ്രദേശത്തേക്ക് നൂറോളം ഡ്രോണുകൾ വിക്ഷേപിച്ചു. നേരത്തെ ഇസ്രായേൽ നടത്തിയ വ്യാപക ആക്രമണത്തിൽ ഇറാനിലുടനീളമുള്ള ആണവ കേന്ദ്രങ്ങളും സൈനിക സൗകര്യങ്ങളും തകർക്കപ്പെട്ടിരുന്നു . ഈ ആക്രമണത്തിൽ ഇറാന്റെ മുതിർന്ന സൈനിക കമാൻഡർമാരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുയും ചെയ്തു. ഇതിന് പ്രതികാരമായായിരുന്നു ഇറാന്റെ ഡ്രോൺ ആക്രമണം.
ഇറാൻ സുപ്രീം ലീഡർ അയത്തൊള്ള അലി ഖമേനി ഇസ്രായേലിന്റെ ആക്രമണത്തെ അപലപിച്ചുകൊണ്ട് ‘ജൂത രാഷ്ട്രത്തിന് കയ്പേറിയതും വേദനാജനകവുമായ വിധി” കാത്തിരിക്കുന്നതായി വിശേഷിപ്പിച്ചിരുന്നു.സായുധ സേനാ മേധാവി മുഹമ്മദ് ബാഗേരിയും റെവല്യൂഷണറി ഗാർഡ്സ് കമാൻഡർ ഗോലാം അലി റാഷിദും ആക്രമത്തിൽ മരിച്ചതായി ഇറാനിയൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഘർഷം വർധിക്കുന്നതിനിടെ ഇറാന്റെ സൈന്യം തങ്ങളുടെ പ്രതികരണത്തിന് “പരിധികളില്ല” എന്ന് പ്രഖ്യാപിച്ചത് പ്രദേശത്ത് കൂടുതൽ ഏറ്റുമുട്ടലുകൾക്ക് കളമൊരുക്കുന്നു.
ഈ സംഭവവികാസം മിഡിൽ ഈസ്റ്റിനെ അപകടകരമായ വഴിത്തിരിവിലേക്കാണ് നയിക്കുന്നത്. ഇറാന്റെ ആണവ പദ്ധതിയെ തകർക്കാനുള്ള ഇസ്രായേലിന്റെ നീക്കവും ഇതിനെതിരായ ഇറാന്റെ ശക്തമായ പ്രതികരണവും പ്രാദേശിക യുദ്ധത്തിന്റെ സാധ്യത വർധിപ്പിച്ചിരിക്കുന്നു. ഇരു രാജ്യങ്ങളും വ്യോമമാർഗം അടച്ചുപൂട്ടിയതോടെ സിവിലിയന്മാരുടെ ജീവിതവും സാമ്പത്തിക പ്രവർത്തനങ്ങളും ബുദ്ധിമുട്ടിലായിട്ടുണ്ട്.
സൈനിക വിശകലകർ ഇത് കേവലം തത്കാല സംഘർഷമല്ലെന്നും മറിച്ച് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തന്ത്രപരമായ മാറ്റമാണെന്നും കരുതുന്നു. ഇറാന്റെ സൈനിക നേതൃത്വത്തിന് ഉണ്ടായ കാര്യമായ നഷ്ടവും ആണവ കേന്ദ്രങ്ങളിലെ സ്ഫോടനങ്ങളും രാജ്യത്തിന്റെ പ്രതിരോധ ശേഷിയിൽ വലിയ ദ്വാരമുണ്ടാക്കിയിരിക്കുന്നു. എന്നാൽ ഇറാന്റെ പ്രതികാര പ്രതിജ്ഞയും നിയന്ത്രണമില്ലാത്ത പ്രതികരണ ഭീഷണിയും സാഹചര്യം കൂടുതൽ സങ്കീർണമാക്കിയിരിക്കുന്നു.
അന്താരാഷ്ട്ര സമൂഹം ഈ വികാസങ്ങളെ ആഴത്തിലുള്ള ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. പ്രാദേശിക സംഘർഷം ആഗോള സ്ഥിരതയ്ക്ക് ഭീഷണിയാകുമെന്ന ഭയം വർധിച്ചിരിക്കുകയാണ്. ഇനിയുള്ള മണിക്കൂറുകളിൽ ഇരുപക്ഷവും എടുക്കുന്ന തീരുമാനങ്ങളായിരിക്കും മിഡിൽ ഈസ്റ്റിന്റെ ഭാവി നിർണയിക്കുക



