എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ ഡിഎൻഎ സാമ്പിളുകൾ ബന്ധുക്കളുമായി ഒത്തുനോക്കി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ ശേഷം മാത്രമേ മരണസംഖ്യ പുറത്തുവിടുകയുള്ളുവെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. വിമാനം തകർന്നയുടൻ വൻതോതിൽ ഇന്ധനം കത്തിയത് കാരണം വിമാനത്തിനുള്ളിലെ താപനില വളരെ ഉയർന്നതായിരുന്നു. ഈ കാരണത്താലാണ് വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാൻ സാധിക്കാതെ പോയതെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു.
വിമാനത്തിൽ 1.25 ലക്ഷം ലിറ്റർ ഇന്ധനം ഉണ്ടായിരുന്നുവെന്നും അത് തീപിടിച്ചതിനാൽ രക്ഷപ്രവർത്തനം അസാധ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിൽ മരിച്ചവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ധനഞ്ജയ് ദ്വിവേദി അറിയിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കളായ മാതാപിതാക്കൾക്കോ കുട്ടികൾക്കോ അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിലെ ബിജെ മെഡിക്കൽ കോളേജിലെ കസോട്ടി ഭവനിൽ ഡിഎൻഎ സാമ്പിളുകൾ നൽകാം.
242 യാത്രക്കാരും ജീവനക്കാരുമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ യാത്രാവിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ തകരുകയായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രസ്താവനയിൽ അറിയിച്ചു. വിമാനത്തിന്റെ പൈലറ്റ് അഹമ്മദാബാദ് എയർ ട്രാഫിക് കൺട്രോളർക്ക് ഒരു മെയ്ഡേ കോൾ നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്.



