സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും യൂട്യൂബിലും പ്രചരിക്കുന്ന അപകടകരമായ ട്രെൻഡുകളെക്കുറിച്ച് പറയുകയാണ് യൂട്ടായിലെ ഓറം നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. എട്ട് വയസ്സുകാരനായ മകൻ പാർക്കർ ടെന്നിക്ക് അടുത്തിടെയുണ്ടായ ഗുരുതരമായ അപകടമാണ് ഇതിന് കാരണം. ഒരു സോഷ്യൽ മീഡിയ ട്രെൻഡ് അനുകരിച്ചതിനെ തുടർന്ന് പാർക്കറിന് വയറിൽ ഗുരുതരമായി പൊള്ളലേറ്റു.
ഈ സംഭവത്തെ തുടർന്ന്, അടുത്ത 18 മാസത്തേക്ക് സാധാരണ കുട്ടികളെപ്പോലെ കളിക്കാനോ കാര്യങ്ങൾ ചെയ്യാനോ പാർക്കറിന് കഴിയില്ല. “മൈക്രോവേവിൽ 30 സെക്കൻഡ് വെച്ചാൽ സ്ക്വിഷി ബോളുകൾ കൂടുതൽ മൃദലമാകുമെന്ന് യൂട്യൂബ് ഷോർട്ട്സിൽ കേട്ടതിനെ തുടർന്നാണ് പാർക്കർ ഈ പരിക്ഷണത്തിന് മുതിർന്നതെന്ന് അമ്മ കാത്തി ടെന്നി വിശദീകരിച്ചു. നീഡോ എന്ന മൃദലമായ കളിപ്പാട്ടത്തെക്കുറിച്ചാണ് കാത്തി സംസാരിക്കുന്നത്.
മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകേണ്ട ഒരുകാര്യമാണിതെന്ന് അവർ കൂട്ടിച്ചേർത്തു. മെയ് 18-ന് നടന്ന സംഭവത്തെക്കുറിച്ച് അവർ പറയുന്നതിങ്ങനെയാണ്. ഷർട്ട് ഇല്ലാതെ നിന്ന പാർക്കറിന്റെ വയറിന്റെ ഭാഗത്തേയ്ക്കാണ് ഓവനിൽ ചൂടായിക്കൊണ്ടിരുന്ന ജെൽ പെട്ടെന്ന് പൊട്ടിത്തെറിച്ചത്. ഈ അപകടത്തിൽ പാർക്കറിന്റെ വയറിൽ ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.
യൂട്ടാ യൂണിവേഴ്സിറ്റി ബേൺ സെന്ററിൽ 18 ദിവസത്തെ ചികിത്സയ്ക്കും രണ്ട് സ്കിൻ ഗ്രാഫ്റ്റ് ശസ്ത്രക്രിയകൾക്കും ശേഷം പാർക്കറിനെ തിങ്കളാഴ്ച വീട്ടിലേക്ക് അയച്ചു. പൂർണ്ണമായും സുഖം പ്രാപിക്കാൻ 18 മാസം മുതൽ 2 വർഷം വരെ എടുക്കുമെന്ന് കാത്തി വിശദീകരിച്ചു. കാര്യങ്ങൾ ഇതിലും മോശമാകാമായിരുന്നു എന്ന സിൽവർ ലൈനിംഗ് ഉള്ളതിനാൽ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അപകടകരമായ ട്രെൻഡുകളെക്കുറിച്ച് മറ്റ് മാതാപിതാക്കൾ അറിഞ്ഞിരിക്കണമെന്ന് ടെന്നി കുടുംബം ആഗ്രഹിക്കുന്നു.
നീഡോ പന്തുകൾ നിർമ്മിക്കുന്ന കമ്പനിയുടെ വെബ്സൈറ്റിൽ ആളുകൾ അവ ചൂടാക്കുകയോ മരവിപ്പിക്കുകയോ മൈക്രോവേവ് ചെയ്യുകയോ ചെയ്യരുതെന്ന് വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് വാർത്തയിൽ പറയുന്നു.



