മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ (ബി.കെ.സി.) യുഎസ് കോൺസുലേറ്റിന് പുറത്ത് ബാഗ് സൂക്ഷിക്കൽ സേവനം നടത്തി ഓട്ടോഡ്രൈവർ നേടിയിരുന്നത് പ്രതിമാസം അഞ്ചു മുതൽ എട്ടു ലക്ഷം രൂപ വരെ. എന്നാൽ ഇപ്പോൾ ഈ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പോലീസ് ഇടപെടലിനെ തുടർന്ന് പ്രവർത്തനം നിർത്തേണ്ടിവന്നിരിക്കുകയാണ്. ലെൻസ്‌കാർട്ടിന്റെ ഉത്പന്ന വിഭാഗം മേധാവി രാഹുൽ രൂപാനിയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ഈ ഡ്രൈവർ ശ്രദ്ധ നേടിയത്.
യു.എസ് കോൺസുലേറ്റിനുള്ളിലേക്ക് ബാഗുമായി പ്രവേശിക്കാൻ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന്, രാഹുൽ രൂപാനി ആയിരം രൂപ നൽകി തന്റെ ബാഗ് ഈ ഡ്രൈവറെ സുരക്ഷിതമായി ഏൽപ്പിച്ചതിനെക്കുറിച്ച് അദ്ദേഹം പോസ്റ്റിൽ വിവരിച്ചിരുന്നു.
സമീപത്ത് ഔദ്യോഗിക ലോക്കർ സൗകര്യം ഇല്ലാത്തതിനാൽ, ഈ ഓട്ടോ ഡ്രൈവർ ഈ പ്രതിസന്ധിയെ ഒരു ബിസിനസ് അവസരമാക്കി മാറ്റുകയായിരുന്നു. കോൺസുലേറ്റിന് പുറത്ത് വാഹനം നിർത്തി, വിസ അപേക്ഷകർക്ക് അകത്തേക്ക് കൊണ്ടുപോകാൻ കഴിയാത്ത സാധനങ്ങൾ സൂക്ഷിക്കാൻ ഇദ്ദേഹം സൗകര്യം ഒരുക്കി.
രാഹുൽ രൂപാനിയുടെ കണക്കനുസരിച്ച്, പ്രതിദിനം 20 മുതൽ 30 വരെയുള്ള ഉപഭോക്താക്കളുടെ ബാഗുകൾ ഇദ്ദേഹം സൂക്ഷിച്ചിരുന്നു. ഇതിലൂടെ അദ്ദേഹം ദിവസേന 20,000 മുതൽ 30,000 രൂപ വരെ വരുമാനമുണ്ടാക്കിയിരുന്നുവെന്നാണ് രാഹുൽ പറയുന്നത്. ബി.കെ.സി. പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞത്, പോലീസ് ഈ ഓട്ടോ ഡ്രൈവറെയും കോൺസുലേറ്റിന് സമീപം സമാനമായ പ്രവർത്തനങ്ങൾ നടത്തിയിരുന്ന 12 പേരെയും വിളിച്ചുവരുത്തി സേവനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഈ സേവനം സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നതാണെന്നും, പ്രത്യേകിച്ച് അതീവ സുരക്ഷാ മേഖലയായ നയതന്ത്ര കാര്യാലയത്തിന് ചുറ്റും പാർക്കിംഗ് നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇത് കൂടുതൽ ഗുരുതരമാണെന്നും വ്യക്തമാക്കി.
ലോക്കർ സേവനങ്ങൾ വാഗ്ദാനം ചെയ്യാനോ അടുത്തുള്ള കടകളിൽ സാധനങ്ങൾ സൂക്ഷിക്കാനോ ഈ ഡ്രൈവർമാർക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. അനുമതിയില്ലാതെ വ്യക്തിഗത സാധനങ്ങൾ സൂക്ഷിക്കുന്നത് വലിയ സുരക്ഷാ ഭീഷണികൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിൽ ലോക്കർ സേവനം നിർത്തിവെച്ചിരിക്കുകയാണ്, ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കരുതെന്ന് പോലീസ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



