അറബിക്കടലിൽ കത്തിയമരുന്ന ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതമായ തുടരുന്നു. തീപിടിച്ച ചരക്കുകപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാനാണ് കോസ്റ്റ് ഗാർഡ് ശ്രമിക്കുന്നത്. എന്നാൽ, കൂടുതൽ കണ്ടെയ്‌നറുകളിലേക്ക് തീപടർന്നതും പൊട്ടിത്തെറി സാധ്യതയും കപ്പലിന് അടുത്തേക്ക് പോകുന്നതിന് വെല്ലുവിളി ഉയർത്തുകയാണ്. അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്ററോളം അകലേക്ക് കപ്പൽ ഇപ്പോൾ ഒഴുകിയെത്തിയിട്ടുണ്ട്. മുകൾഭാഗം മുഴുവനും ഏകദേശം തീവിഴുങ്ങിയ നിലയിലാണ്. കപ്പലിന്റെ ഇന്ധനടാങ്കിനടുത്ത് തീപടരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. കപ്പലിൽ 2000 ടൺ ഇന്ധനവും 240 ടൺ ഡീസലുമാണുള്ളത്. നാല് വിഭാഗങ്ങളിൽപ്പെട്ട അപകടകരമായ വസ്തുക്കൾ കപ്പലിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തീപിടിക്കാൻ സാധ്യതയുള്ള ദ്രാവകങ്ങൾ (ക്ലാസ് 3), തീപിടിക്കാൻ സാധ്യതയുള്ള ഖരവസ്തുക്കൾ (ക്ലാസ് 4.1), തനിയേ തീപിടിക്കാൻ സാധ്യതയുള്ള ഖരപദാർഥങ്ങൾ (ക്ലാസ് 4.2), വിഷാംശമുള്ള വസ്തുക്കൾ (ക്ലാസ് 6) എന്നിവയാണ് കണ്ടെയ്നറുകളിലുള്ളത്. വെടിമരുന്നിന്റെ പ്രധാന ഘടകമായ നൈട്രോ സെല്ലുലോസിന് പുറമേ, മഗ്‌നീഷ്യം, ഫോസ്ഫറസ്, കാൽസ്യം കാർബൈഡ്, എഥനോൾ, തിന്നർ, പെയിന്റ് മിക്‌സിങ് സൊലൂഷൻ, ലിഥിയം ബാറ്ററി എന്നിവയുടെ വലിയ ശേഖരമടങ്ങിയ കണ്ടെയ്‌നറുകളായിരുന്നു അധികവും. ഇവയിലേതോ ചൂടുകൊണ്ടോ മറ്റു സമ്മർദങ്ങൾകൊണ്ടോ പൊട്ടിത്തെറിച്ചതാവാമെന്നാണ് വിലയിരുത്തൽ. അതിൽനിന്ന് മറ്റുള്ളവയിലേക്കും തീപടർന്നു. ഇതോടെ കപ്പലിന്റെ നിയന്ത്രണം നഷ്ടമായി.
നിലവിൽ കപ്പലിന്റെ ഏറ്റവും മുകൾഭാഗത്തുള്ള കണ്ടെയ്‌നറുകളിലേക്കും തീപടർന്നിട്ടുണ്ട്. ഇപ്പോഴും കപ്പലിൽനിന്ന് വൻതോതിൽ കറുത്തപുക ഉയരുകയാണ്. അപകടകരമായ രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകളിലേക്ക് തീപടരുന്നത് നിയന്ത്രണവിധേയമാക്കാൻ കോസ്റ്റ് ഗാർഡ് തീവ്രശ്രമത്തിലാണ്. ഏകദേശം 650-കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്.
കപ്പലിൽ ഉണ്ടായിരുന്ന 22 ജീവനക്കാരിൽ രക്ഷപ്പെട്ട 18 നാവികരെ നാവികസേനയുടെ കപ്പലിൽ മംഗളൂരുവിലെത്തിച്ചു. പരുക്കേറ്റ അഞ്ച് പേരെ എം.ജെ. ആശുപത്രിയിലേക്കു മാറ്റി. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. കാണാതായ നാല് ജീവനക്കാരെ കണ്ടെത്താനുള്ള തിരച്ചിലും തുടരുന്നുണ്ട്. കപ്പലിന്റെ അടിത്തട്ടിലടക്കം മുങ്ങൽവിദഗ്ധർ തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. കോസ്റ്റ് ഗാർഡ് കപ്പലുകൾക്കൊപ്പം ഡോർണിയർ വിമാനങ്ങളും അപകടമേഖലയിൽ നിരീക്ഷണത്തിനുണ്ട്. രക്ഷാപ്രവർത്തനത്തിൽ കോസ്റ്റ് ഗാർഡിനെ സഹായിക്കാനായി നാവികസേനയുടെ ഐഎൻഎസ് സത്‌ലജും സ്ഥലത്തെത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തുനിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് പോയ ‘എംവി വാൻ ഹായ് 503’ ഫീഡർ കപ്പലിലാണ് കഴിഞ്ഞദിവസം തീപിടിച്ചത്. സിങ്കപ്പൂരിൽ രജിസ്റ്റർചെയ്ത തായ്‌വാൻ കമ്പനിയുടെ കപ്പലാണിത്.



