ഇസ്രായേൽ-ഹമാസ് യുദ്ധത്തെ തുടർന്ന് ദുരിതത്തിലായ ഗാസയിലെ കുട്ടികൾക്ക് കാനഡയിലെ മാനിറ്റോബ പ്രവിശ്യയുടെ സഹായഹസ്തം. ചികിത്സാ ആവശ്യങ്ങൾക്കായി രണ്ടാമത്തെ കുട്ടിയെയും കുടുംബത്തെയും സർക്കാർ വിന്നിപ്പെഗിലേക്ക് സുരക്ഷിതമായി എത്തിച്ചു. ഈ വർഷം ജനുവരിയിൽ 11 വയസ്സുള്ള ഒരു കുട്ടിയെ ചികിത്സയ്ക്കായി കൊണ്ടുവന്നതിന് പിന്നാലെയാണിത്.
യുദ്ധം കാരണം തകർന്ന ഗാസയിലെ ആരോഗ്യ മേഖലയിൽ നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള ഈ മാനുഷിക ദൗത്യത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. വിന്നിപ്പെഗിലെ ഗ്രാൻഡ് മസ്ജിദിൽ സംഘടിപ്പിച്ച ചടങ്ങിൽ മാനിറ്റോബ പ്രീമിയർ വാബ് കിനുവും ഇസ്ലാമിക് അസോസിയേഷൻ നേതാക്കളും ചേർന്നാണ് പുതിയതായി എത്തിയ കുടുംബത്തെ സ്വാഗതം ചെയ്തത്. കാനഡയിലെത്തിയ കുടുംബങ്ങൾ ഇവിടുത്തെ ജീവിതവുമായി വേഗത്തിൽ ഇണങ്ങിച്ചേരുന്നുണ്ടെന്നും കുട്ടികൾ സ്കൂളിൽ പോയിത്തുടങ്ങിയെന്നും അസോസിയേഷൻ വൈസ് ചെയർ റൂഹിൻ അസീസ് പറഞ്ഞു.
ഭക്ഷണവും താമസവും ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സമൂഹം ഒരുക്കി നൽകുന്നുണ്ടെന്നും അവർ ഉറപ്പുനൽകി. ഗാസയിൽ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടികൾക്ക് മാനിറ്റോബയിൽ മികച്ച ചികിത്സ നൽകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രീമിയർ വാബ് കിനു വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെടുന്നത് കാണുമ്പോൾ ഈ ദൗത്യം എത്രത്തോളം വിജയകരമാണെന്ന് മനസിലാക്കാൻ സാധിക്കും.
ഇതിന്റെ ഭാഗമായി മൂന്നാമതൊരു കുടുംബത്തെ കൂടി ഗാസയിൽ നിന്ന് ഇവിടേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. “ഒരു ജീവൻ രക്ഷിക്കുന്നത് മനുഷ്യരാശിയെ മുഴുവൻ രക്ഷിക്കുന്നതിന് തുല്യമാണ്,” എന്ന് മാനിറ്റോബ ഇസ്ലാമിക് അസോസിയേഷൻ ചെയർമാൻ ഹാക്കിം ഗുലാം പറഞ്ഞു. മാനിറ്റോബയുടെ ഈ മാതൃക കാനഡയിലെ മറ്റ് പ്രവിശ്യകളും ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.



