കാനഡയിലെ ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലബ്രഡോർ പ്രവിശ്യ, ഈ വർഷത്തെ ഏറ്റവും വലിയ കുടിയേറ്റ തിരഞ്ഞെടുപ്പ് മെയ് 29-ന് നടത്തി. പുതിയ എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് (EOI) സംവിധാനം വഴി നടന്ന ഈ റൗണ്ടിൽ 405 പേർക്ക് സ്ഥിരതാമസത്തിനായി അപേക്ഷിക്കാൻ ക്ഷണം ലഭിച്ചു. ഇതോടെ 2025-ൽ ഇതുവരെ ക്ഷണം ലഭിച്ചവരുടെ ആകെ എണ്ണം 989 ആയി ഉയർന്നു.
ഏപ്രിൽ (256), മെയ് (328) മാസങ്ങളിൽ നടന്ന റൗണ്ടുകളേക്കാൾ കൂടുതൽ പേർക്ക് അവസരം ലഭിച്ചത് ഈ ഘട്ടത്തിലാണ്. ക്ഷണം ലഭിച്ചവരിൽ 351 പേർ ന്യൂഫൗണ്ട്ലാൻഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് (NLPNP) കീഴിലും 54 പേർ അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിന് (AIP) കീഴിലുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഈ വർഷം പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി 838 പേർക്കും അറ്റ്ലാന്റിക് പ്രോഗ്രാം വഴി 151 പേർക്കും പ്രവിശ്യ അവസരം നൽകിക്കഴിഞ്ഞു.
കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചകളെ തുടർന്ന് 1000 കുടിയേറ്റ സ്ലോട്ടുകൾ അധികമായി നേടിയെടുക്കാൻ പ്രവിശ്യക്ക് കഴിഞ്ഞിരുന്നു. ഇതോടെ ആകെ നോമിനേഷൻ ക്വാട്ട 2,525 ആയി വർധിച്ചു.
കുടിയേറ്റത്തിന് താൽപര്യമുള്ളവർ ഇപ്പോൾ നേരിട്ട് അപേക്ഷിക്കുന്നതിന് പകരം, ആദ്യം എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് (EOI) ഫയൽ ചെയ്യുകയാണ് വേണ്ടത്. ഈ പ്രൊഫൈലിന് 12 മാസത്തെ കാലാവധിയുണ്ടാകും. പ്രവിശ്യ തിരഞ്ഞെടുക്കുന്നവർക്ക് അപേക്ഷിക്കാനുള്ള ക്ഷണം (ITA) ലഭിക്കും, അതിനുശേഷം 60 ദിവസത്തിനകം പൂർണ്ണമായ അപേക്ഷ നൽകണം. കാനഡയ്ക്ക് പുറത്തുള്ളവർക്ക്, പ്രത്യേകിച്ച് AIP വഴി അപേക്ഷിക്കുന്നവർക്ക്, തൊഴിലുടമ നൽകുന്ന ഒരു “ഇൻവൈറ്റ് കോഡ്” അപേക്ഷിക്കാൻ ആവശ്യമാണ്.



