ആഗോള ഡെവലപ്പർമാരുടെ സമ്മേളനമായ WWDC 2025 ഇന്ന് (തിങ്കളാഴ്ച) തുടക്കമാകുമ്പോൾ, കടുത്ത സമ്മർദ്ദം നേരിടുകയാണ് ആപ്പിൾ. AI രംഗത്തെ തിരിച്ചടികളാണ് പ്രധാനമായും ഇതിന് കാരണം. AI സാങ്കേതികവിദ്യയിൽ ഗൂഗിൾ, സാംസങ് തുടങ്ങിയ എതിരാളികൾക്ക് പിന്നിലായ ആപ്പിൾ, സിറിയെ കൂടുതൽ ശക്തമാക്കുമെന്ന മുൻ വാഗ്ദാനങ്ങൾ ഇനിയും പൂർണ്ണമായിട്ടില്ല. കാലതാമസങ്ങൾ സമ്മതിക്കുമ്പോഴും പുരോഗതിയുണ്ടെന്ന് സി.ഇ.ഒ ടിം കുക്ക് പറയുന്നു.
ഈ വർഷത്തെ WWDC പ്രധാനമായും സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾക്ക് പ്രാധാന്യം നൽകുമെന്നാണ് സൂചന. iOS-ന്റെ അപ്ഡേഷൻ (ഉദാഹരണത്തിന്, iOS 19-ൽ നിന്ന് iOS 26 ലേക്ക്), ഐഫോൺ ആപ്പുകളുടെ ഇന്റർഫേസ് മാറ്റങ്ങൾ എന്നിവ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ AI പ്രധാന ചർച്ചാവിഷയമാകാൻ സാധ്യതയില്ല.
സാങ്കേതിക മുന്നേറ്റങ്ങൾക്കപ്പുറം, നിയമപരമായ വെല്ലുവിളികളും സാമ്പത്തിക ഭീഷണികളും ആപ്പിളിനെ അലട്ടുന്നുണ്ട്. ട്രംപ് ഭരണകൂടത്തിൻ്റെ കീഴിലുള്ള വ്യാപാര യുദ്ധം, ചൈനയിൽ നിന്നുള്ള ഉത്പാദനം യു.എ.സിലേക്ക് മാറ്റാൻ ആപ്പിളിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. കൂടാതെ, നിലവിലുള്ള നിയമ പോരാട്ടങ്ങൾ കോടിക്കണക്കിന് ഡോളർ വരുമാനത്തെ ബാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഈ സാഹചര്യങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസം കുറക്കുകയും ചെയ്യുന്നു. ഈ വർഷം ആപ്പിളിന്റെ ഓഹരി വില ഏകദേശം 20% ഇടിയുകയും, വിപണി മൂല്യത്തിൽ മൈക്രോസോഫ്റ്റിനും എൻവിഡിയയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് മാറുകയും ചെയ്തു.



