ഒട്ടാവയിൽ ഈ വർഷം കൊതുകുകൾ നിയന്ത്രണാതീതമായി വർധിച്ചതോടെ കീട നിയന്ത്രണ സേവനങ്ങൾക്ക് വലിയ തിരക്കാണ്. 2025 മുതൽ ഒട്ടാവയിൽ കൊതുകുകളുടെ എണ്ണം അതിരുവിടുന്ന തരത്തിൽ വർധിച്ചതായി കീട നിയന്ത്രണ കമ്പനിയായ സക്കർ ഫ്രീ റിപ്പോർട്ട് ചെയ്യുന്നു. കൊതുകുകൾ, ഉറുമ്പുകൾ, ചിലന്തികൾ തുടങ്ങിയ കീടങ്ങളുടെ പ്രശ്‌നങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. കസ്റ്റമേഴ്സിന്റെ വിളികളുടെ എണ്ണം ഈ വർഷം മുൻവർഷങ്ങളെക്കാൾ വളരെയധികം വർധിച്ചതായാണ് സക്കർ ഫ്രീ കീടനിയന്ത്രണ കമ്പനിയുടെ ഉടമ ആൻഡ്രൂ ആംസ്ട്രോങ് പറയുന്നത്.
സീസൺ തുടങ്ങും മുമ്പുതന്നെ വീട്ടുടമകൾ കീടപ്രശ്‌നങ്ങൾക്കായി കമ്പനിയുമായി ബന്ധപ്പെടാൻ തുടങ്ങിയതായും, ചില പ്രദേശങ്ങളിൽ നൽകുന്ന സേവനങ്ങൾ ഇരട്ടിയാക്കിയതായും അദ്ദേഹം പറഞ്ഞു. 2021 മുതൽ സേവനം നൽകുന്ന സക്കർ ഫ്രീ സാധാരണയായി മെയ് മാസത്തിലാണ് വീടുകളിൽ കീടനാശിനികൾ പ്രയോഗിച്ചു ചികിത്സ ആരംഭിക്കുന്നത്. അതിനുശേഷം ഓരോ മൂന്നാഴ്ചയ്ക്കും ഒരു പ്രൊപ്പർട്ടിയിൽ വീണ്ടും സന്ദർശിച്ച് തുടർച്ചയായ സേവനം നൽകുന്നു. എന്നാൽ ഈ വർഷം, സീസൺ ആരംഭിച്ച ഉടനെ തന്നെ ചില പ്രദേശങ്ങളിൽ ചികിത്സകൾ രണ്ടിരട്ടിയാക്കിയതായും ആംസ്ട്രോങ് അറിയിച്ചു.
ഒട്ടാവയിൽ ഈ വർഷം ലഭിച്ച വലിയതോതിലുള്ള മഴയും അതിനാൽ ഉണ്ടായ കെട്ടിക്കിടക്കുന്ന വെള്ളവും കൊതുകുകൾക്ക് വളരാനായി ഏറ്റവും അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കി. ഈ സാഹചര്യത്തിൽ, നഗരത്തിന്റെ ചില ഭാഗങ്ങളിൽ സ്ഥിതിഗതികൾ വളരെ മോശമായി. മിതമായതും തുടർച്ചയായതുമായ ചികിത്സ കൊണ്ട് മാത്രമേ ഇത് നിയന്ത്രിക്കാൻ കഴിയൂ എന്ന് ആംസ്ട്രോങ് മുന്നറിയിപ്പു നൽകുന്നു. എന്നാൽ നിരന്തരമായി ചികിത്സ നടത്തുന്നതിനുള്ള ആവശ്യകത കൂടുതൽ ഉപഭോക്താക്കളെ ആശങ്കയിലാക്കിയിരിക്കുകയാണ്.



