ലോകത്തിലെ ഏറ്റവും കുറഞ്ഞ ഭവനസാധ്യതയുള്ള നഗരങ്ങളിലൊന്നായി ടൊറന്റോ മാറിയിരിക്കുകയാണ്. 2025-ലെ ഓക്സ്ഫോർഡ് ഇക്കണോമിക്സിന്റെ ഗ്ലോബൽ സിറ്റീസ് ഇൻഡെക്സ് പ്രകാരം, ടൊറന്റോ നിവാസികൾ തങ്ങളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ഭവനത്തിനായി ചിലവഴിക്കുന്നു, ഇത് മിക്ക നഗരങ്ങളേക്കാളും കൂടുതലാണ്. ദശാബ്ദങ്ങളായുള്ള നയപരമായ പാളിച്ചകളാണ് ഇതിന് പ്രധാന കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിയന്ത്രിത സോണിംഗ് നിയമങ്ങൾ, ഉയർന്ന വികസന ഫീസുകൾ, കെട്ടിടനിർമ്മാണത്തിനുള്ള കാലതാമസം വരുത്തുന്ന അനുമതി നടപടികൾ എന്നിവയെല്ലാം പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.
ജനസംഖ്യാ വർദ്ധനവും, ഒരു വർഷം കൊണ്ട് ഏകദേശം മൂന്ന് ലക്ഷത്തോളം പുതിയ താമസക്കാർ നഗരത്തിലെത്തിയതും ഭവനത്തിനുള്ള ആവശ്യം കുത്തനെ ഉയർത്തി. എന്നാൽ ജനസംഖ്യാ വർദ്ധനവിന് അനുസരിച്ച് താങ്ങാനാവുന്ന ഭവനങ്ങളുടെ ലഭ്യത വർദ്ധിച്ചില്ല. നിലവിൽ ടൊറന്റോയിൽ ഒരു വീടിന്റെ ശരാശരി വില 1.1 ദശലക്ഷം ഡോളറിലധികമാണ്, ഇത് പ്രതിവർഷം 4% കുറഞ്ഞതിന് ശേഷമുള്ള കണക്കാണ്. ഒരു വീടിന് 100,000 മുതൽ 200,000 ഡോളർ വരെ അധികമായി വികസന ചാർജ്ജുകൾ ഈടാക്കുന്നുണ്ട്. അനുമതികളും ഒരുക്കങ്ങളും പൂർത്തിയായിട്ടും സാമ്പത്തിക സഹായമില്ലാത്തതിനാൽ 300,000 പുതിയ വീടുകൾ നിർമ്മാണത്തിനായി
കാത്തിരിക്കുകയാണ്.ഭവന നിർമ്മാണത്തിലെ കുറവ് കാരണം ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ പുതിയ വീടുകളുടെ വിൽപ്പന റെക്കോർഡ് താഴ്ചയിലാണ്.
കേന്ദ്രസർക്കാർ ഒരു ദശലക്ഷം ഡോളറിൽ താഴെയുള്ള വീടുകൾക്ക് ജി.എസ്.ടി ഒഴിവാക്കിയെങ്കിലും, ടൊറന്റോ പോലുള്ള ഉയർന്ന ചെലവുള്ള പ്രദേശങ്ങളിൽ ഇത് അപ്രസക്തമാണെന്ന് വിമർശകർ പറയുന്നു. 20% താങ്ങാനാവുന്ന യൂണിറ്റുകളുള്ള പ്രോജക്റ്റുകൾക്ക് ടൊറന്റോ നഗരം വികസന ഫീസ് മാറ്റിവെച്ചിട്ടുണ്ടെങ്കിലും, ആവശ്യകത ബഡ്ജറ്റിനേക്കാൾ കൂടുതലാണ്. എച്ച്എസ്ടി ഫോർമുല പരിഷ്കരിക്കാനും , ഫീസുകൾ വെട്ടിക്കുറയ്ക്കാനും, സോണിംഗ് ലളിതമാക്കാനും, ലഭ്യമായ ഭൂമി തുറന്നുകൊടുക്കാനും വിദഗ്ദ്ധർ ആഹ്വാനം ചെയ്യുന്നു. ചർച്ചകൾക്കപ്പുറം അടിയന്തിരമായ നടപ്പാക്കലിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറയുന്നു.



