വടക്കൻ സസ്കാച്ചെവാനിലെ കാട്ടുതീ ബാധിച്ച മേഖലകളിൽ നിന്ന് കുടിയിറക്കപ്പെട്ടവരെ സഹായിക്കുന്നതിന്റെ ഭാഗമായി സസ്കാച്ചെവൻ സർക്കാർ കനേഡിയൻ റെഡ് ക്രോസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രവിശ്യയുടെ പബ്ലിക് സേഫ്റ്റി ഏജൻസിയിൽ (SPSA) രജിസ്റ്റർ ചെയ്ത വ്യക്തികൾക്ക് നൽകുന്ന സാമ്പത്തിക സഹായ തുക ഇരട്ടിയാക്കി.
കുടുംബനാഥന് ദിനംപ്രതി നൽകുന്ന തുക 20 ഡോളറിൽ നിന്ന് 40 ഡോളറാക്കി ഉയർത്തി. ഓരോ കുടുംബാംഗത്തിനും നൽകുന്ന തുക 10 ഡോളറിൽ നിന്ന് 20 ഡോളറായും ഉയർത്തി. ഒരു വീടിന് 200 ഡോളർ വരെ പ്രതിദിനം പരമാവധി സഹായം ലഭ്യമാകും.
കഴിഞ്ഞ ദിവസം സര്ക്കാര് പ്രഖ്യാപിച്ച ധനസഹായത്തിൽ, റെഡ് ക്രോസിന് 15 മില്യൺ ഡോളർ അനുവദിച്ചതായി അധികൃതർ അറിയിച്ചു. കൂടാതെ, ദിവസേന രാവിലെ 8 മുതൽ രാത്രി 10 വരെ എന്തെങ്കിലും സഹായത്തിനായി 1-800-863-6582 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. SPSAയിൽ രജിസ്റ്റർ ചെയ്ത ആളുകൾക്ക് കൂടുതൽ സഹായം ലഭിക്കാനായി 1-855-5569-5502 എന്ന നമ്പരിലും വിവരങ്ങൾ അറിയാവുന്നതാണ്.
ഇതിനിടെ, സസ്കാച്ചെവൻ പ്രീമിയർ സ്കോട്ട് മോ കാട്ടുതീ ബന്ധപ്പെട്ട സാഹചര്യങ്ങൾ വിശദീകരിക്കുന്നതിനായി ശനിയാഴ്ച ഉച്ചയ്ക്ക് 1:30ന് പ്രിൻസ് ആൽബർട്ടിൽ SPSA ഉദ്യോഗസ്ഥരോടൊപ്പം വാർത്താ സമ്മേളനം നടത്തി. വടക്കൻ മേഖലയിലുണ്ടായ 24 കാട്ടുതീകൾ ഇപ്പോഴും സജീവമായി തുടർന്നുകൊണ്ടിരിക്കുകയാണ്
കാട്ടുതീ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ ആർസിഎംപി തീവയ്പ്പ് കുറ്റം ചുമത്തിയിരുന്നു. കാട്ടുതീയുടെ വ്യാപനം കണക്കിലെടുത്ത്, 2025 ജൂൺ 29 വരെ പ്രവിശ്യയിൽ അടിയന്തരാവസ്ഥ തുടരുമെന്നും ആവശ്യമായ പക്ഷം അത് നീട്ടുമെന്നും സസ്കാച്ചെവൻ സർക്കാർ വ്യക്തമാക്കി.



