ഇന്ത്യൻ ബാങ്കുകളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കേസുകളിൽ നീതിയുക്തമായ വിചാരണ ഉറപ്പാക്കുകയാണെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങുന്നത് പരിഗണിക്കുമെന്ന് യുകെയിലുള്ള വ്യവസായി വിജയ് മല്യ. പോഡ്കാസ്റ്റർ രാജ് ഷമാനിയുമായി നാല് മണിക്കൂർ നീണ്ട അഭിമുഖത്തിലാണ് വിജയ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്. വായ്പാ തട്ടിപ്പ് കേസിൽ ഇന്ത്യ അന്വേഷിക്കുന്ന മല്യ, തനിക്കെതിരായ ആരോപണങ്ങൾ, കിംഗ്ഫിഷർ എയർലൈൻസിൻറെ പതനം, ഇന്ത്യയിലേക്കുള്ള മടക്കം എന്നിവയെക്കുറിച്ചെല്ലാം സംസാരിച്ചു. നീതിയുക്തമായ വിചാരണയും മാന്യമായ ജീവിതവും ഉറപ്പാക്കുകയാണെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ഗൗരവമായി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
9000 കോടി രൂപ വായ്പയെടുത്തെന്ന ആരോപണങ്ങൾ തള്ളിയ മല്യ ആറായിരം കോടി രൂപയാണ് ട്രിബ്യൂണലിന്റെ റിക്കവറി സർട്ടിഫിക്കറ്റിലുള്ളതെന്നും പറഞ്ഞു. 14,000 കോടി രൂപ ബാങ്കുകൾ കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഞാനാണ് ആക്രമിക്കപ്പെടുന്നത്. ബാങ്കുകൾ ഒരു സ്റ്റേറ്റ്‌മെന്റും എനിക്ക് സമർപ്പിച്ചിട്ടില്ല. ഇത് വളരെ വിചിത്രമാണ്. അതിനാൽ ഞാനും നിങ്ങളെപ്പോലെ ആശയക്കുഴപ്പത്തിലാണ്’ മല്യ പറഞ്ഞു.
2016-ന് മാർച്ചിന് ശേഷം ഇന്ത്യയിലേക്ക് വരാത്തതിനാൽ പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചോളൂ. ഞാൻ ഒളിച്ചോടിയിട്ടില്ല. മുൻനിശ്ചയിച്ചതുപ്രകാരമാണ് ഇന്ത്യക്ക് പുറത്തുപോയത്. എന്നാൽ തിരിച്ചുവരാത്തതിന് പിന്നിൽ വ്യക്തമായ കാരണമുണ്ട്. അതിനാൽ പിടികിട്ടാപ്പുള്ളിയെന്ന് വിളിക്കണമെങ്കിൽ അങ്ങനെ വിളിച്ചോളൂ. പക്ഷേ ഈ കള്ളൻ എന്ന വിളി എവിടെ നിന്ന് വന്നു, മോഷണം എവിടെ നടന്നു എന്നാണ് വിജയ് മല്യയുടെ ചോദ്യം.
2012 ലാണ് കിംഗ്ഫിഷർ എയർലൈൻസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. തുടർന്ന് ബാങ്കുകളുമായും ലോൺ ദാതാക്കളുമായും ഇന്ത്യൻ അധികൃതരുമായും മല്യ നീണ്ട നിയമയുദ്ധത്തിൽ കുടുങ്ങി. തുക തിരിച്ചുപിടിക്കാൻ ബാങ്കുകൾ നിയമ നടപടി ആരംഭിച്ചതിന് പിന്നാലെ 2016 ൽ മല്യ വിദേശത്തേക്ക് കടന്നത്. നിലവിൽ ലണ്ടനിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.



