വടക്കൻ ഒന്റാറിയോയിലെയും പ്രൈറീസിലെയും കാട്ടുതീയിൽ നിന്നുള്ള പുക ഒട്ടാവയിലേക്കെത്തിയതോടെ, നഗരത്തിൽ ഇന്ന് മൂടൽമഞ്ഞു പോലെയുള്ള കാലാവസ്ഥ അനുഭവപ്പെടും. പുകയെത്തുമ്പോൾ ആകാശം തെളിയാതെ തുടരുമെന്നും പുക മറ കൊണ്ട് കാഴ്ച്ച കുറയുമെന്നും എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. ഈ പുകമറ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്ന് ഇവർ വ്യക്തമാക്കി.
വായു ഗുണനിലവാരം “മിതമായ അപകടസാധ്യത” ഉള്ള നിലയിലേക്ക് താഴുമെന്നാണ് അധികൃതർ പറയുന്നത്. Firesmoke.ca പ്രകാരം പകൽ മുഴുവൻ പുക നിലനിൽക്കുമെന്നാണി പ്രതീക്ഷിക്കുന്നത്. പുകമറ ഉണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് എൻവിറോൺമെന്റ് കാനഡയിലെ മുതിർന്ന കാലാവസ്ഥാ നിരീക്ഷകൻ ഡേവിഡ് ഫിലിപ്‌സ് പറഞ്ഞത്.
ഒട്ടാവയിൽ ആദ്യമായി വേനൽക്കാലത്തിന് സമാനമായ ചൂട് അനുഭവപ്പെടുന്നതായും ഫിലിപ്സ് പറഞ്ഞു. ബുധനാഴ്ച 28 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനിലയും, ഹ്യുമിഡിക്സ് 32 ഡിഗ്രി പോലെ തോന്നിയേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ആഴ്ച എല്ലാദിവസവും 20 ഡിഗ്രിയ്ക്കും മുകളിൽ ചൂടുണ്ടാകും. കാലാവസ്ഥ പ്രവചനം അനുസരിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും 26 മുതൽ 28 ഡിഗ്രിയിലായിരിക്കും താപനില. മഴയ്ക്ക് ചെറിയ സാധ്യതയും ഉണ്ട്.
ശനിയാഴ്ച വരെ സുഖകരമായ ഈ കാലാവസ്ഥ തുടരുമെന്ന് ഫിലിപ്സ് പറഞ്ഞു. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സാധാരണയേക്കാൾ ചൂടായിരിക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് നിലവിലെ കാലാവസ്ഥാ മാതൃകകൾ സൂചിപ്പിക്കുന്നത്.



