പാരിസ് സെന്റ് ജെർമെയ്ൻ ഫുട്ബോൾ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമായ ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിൽ മുഴുകിയ പാരീസ് നഗരം ഇന്ന് കലാപാന്തരീക്ഷത്തിൽ മുങ്ങിപ്പോയി. മ്യൂണിക്കിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകർത്ത് പി.എസ്.ജി നേടിയ വിജയം ആഘോഷിക്കാനായി തെരുവുകളിൽ ഒത്തുകൂടിയ ആയിരങ്ങളുടെ ആഹ്ലാദപ്രകടനം അക്രമത്തിലേക്ക് വഴുതിവീണതോടെ രണ്ടുപേർ മരിക്കുകയും ഇരുനൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സ്റ്റേഡിയങ്ങൾക്ക് പുറത്ത് സ്ക്രീനുകളിൽ ഫൈനൽ മത്സരം കണ്ട അമ്പതിനായിരത്തോളം ആരാധകരും ആഘോഷത്തിൽ ചേർന്നു. ആഹ്ലാദം നിയന്ത്രണം വിട്ടതോടെ പ്രശ്‌നങ്ങൾ ഉണ്ടവാൻ തുടങ്ങുകയും സ്ഥിതി ഗുരുതരമായതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ നിർബന്ധിതരായി. പാരീസിലെ നിരവധി ഭാഗങ്ങളിൽ സമാനമായ സംഘർഷങ്ങൾ ഉണ്ടായതായും സംഘർഷത്തിനിടയിൽ അറുനൂറോളം പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
ആഘോഷത്തിന്റെ മറവിൽ ക്രിമിനൽ സംഘങ്ങൾ വിവിധ ഷോപ്പുകൾ കൊള്ളയടിക്കുകയും പോലീസ് ഉദ്യോഗസ്ഥരെയും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരെയും ആക്രമിക്കുകയും ചെയ്തതായി ഫ്രഞ്ച് മന്ത്രി ബ്രൂണോ റിട്ടാല്യു വെളിപ്പെടുത്തി. കായിക രംഗത്തെ ഏറ്റവും അഭിമാനകരമായ നേട്ടത്തിന്റെ ആഘോഷം ദുരന്തത്തിൽ അവസാനിച്ചത് ഫ്രഞ്ച് സമൂഹത്തിൽ ആഴത്തിലുള്ള ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഈ സീസണിൽ ഫ്രഞ്ച് ലീഗ് കിരീടവും ഫ്രഞ്ച് കപ്പും നേടിയ പി.എസ്.ജി ചാമ്പ്യൻസ് ലീഗ് കിരീടത്തോടെ ട്രബിൾ നേടി. എന്നാൽ ഈ ചരിത്രനിമിഷത്തിലെ ആഹ്ലാദം ദുഃഖത്തിൽ മാറിയത് ഫ്രഞ്ച് ഫുട്ബോളിന്റെ അഭിമാന ദിനത്തെ കറുത്ത ദിനമാക്കി മാറ്റി.



