കാട്ടുതീ ബാധിച്ച പ്രവിശ്യകൾക്ക് സഹായവുമായി ക്യുബെക്. ഇതിനായി ചൊവ്വാഴ്ച ആൽബെർട്ടയിലേക്ക് ഒരു പ്രത്യേക മാനേജ്മെന്റ് ടീമിനെ അയക്കുമെന്നും, 20 അഗ്നിശമന സേനാംഗങ്ങളുടെ മൂന്ന് വിഭാഗങ്ങളെ മാനിറ്റോബയിലേക്ക് അയക്കുമെന്നും പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ട് ഞായറാഴ്ച പ്രഖ്യാപിച്ചു.
രണ്ട് CL-415 വാട്ടർ ബോംബറുകളിൽ ഒരെണ്ണം സസ്കാച്ചെവാനിലും മറ്റ് ഒരെണ്ണം ഒന്റാറിയോയിലേക്കും അയച്ചിട്ടുണ്ട്. “സസ്കാച്ചെവാൻ, ആൽബെർട്ട, മാനിറ്റോബ, ഒന്റാറിയോ പ്രവിശ്യകൾ കാട്ടുതീ മൂലം കഠിനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പ്രീമിയർമാരായ സ്കോട്ട് മോ, ഡാനിയേൽ സ്മിത്ത്, വാബ് കൈന്യൂ, ഡഗ് ഫോർഡ് എന്നിവർക്ക് തങ്ങളുടെയും SOPFEU യുടെയും സഹായം ആശ്രയിക്കാം. തങ്ങൾ എന്തു സഹായത്തിനും പൂർണ്ണസജ്ജമായി നിങ്ങളോടൊപ്പമുണ്ടെന്ന് ലെഗോൾട്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു.
വന പ്രദേശങ്ങളിലും അതിനോടു ചേർന്നും തീകൂട്ടുന്നതിനെതിരെ വെള്ളിയാഴ്ച ക്യൂബെക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിരുന്ന ഈ നടപടിയുടെ ഭാഗമായി, വടക്കൻ പ്രദേശങ്ങളിൽ നിന്നുള്ള കാട്ടുതീ ഭീഷണി വിലയിരുത്തിയാണ് പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. കാട്ടുതീ നിയന്ത്രണത്തിലാണ് എന്നതാണ് SOPFEU ഞായറാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്തെ തീവയ്ക്കൽ സംബന്ധിച്ച നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചത്.
അതേസമയം, കാട്ടുതീ ഇപ്പോഴും മറ്റു ചില പ്രവിശ്യകളിൽ വലിയ ഭീഷണിയായി തുടരുകയാണ്. സസ്കാച്ചെവാനും മാനിറ്റോബയും ഈ ആഴ്ചയുടെ തുടക്കത്തിൽ തന്നെ പ്രവിശ്യാതല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മാനിറ്റോബയിൽ കഴിഞ്ഞ കുറേ ദിവസങ്ങളിലായി 17,000 ലധികം ആളുകളാണ് കാട്ടുതീ കാരണം സ്വന്തം വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകേണ്ടിവന്നത് സസ്കാച്ചെവാനിൽ 4,000-ത്തിലധികം ആളുകൾക്ക് അടിയന്തരമായി മറ്റിടങ്ങളിലേക്ക് മാറേണ്ടതായി റിപ്പോർട്ടുകൾ പറയുന്നു. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.



