ലോകസുന്ദരിപ്പട്ടം ചൂടി തായ്‌ലൻഡിന്റെ ഒപാൽ സുചാത. ഹൈദരാബാദിലെ ഹൈടെക്‌സ് എക്‌സിബിഷൻ സെന്ററിൽ നടന്ന 72-ാമത് മിസ് വേൾഡ് കിരീട മത്സരത്തിൽ എത്യോപ്യയുടെ എലീസെ റാൻഡ്മാ, മാർട്ടിൻക്യുവിന്റെ ഒറോലി ജോഷിം, പോളണ്ടിന്റെ മാജ ക്ലാജ്ഡ എന്നിവരെ പിന്തള്ളിയാണ് ഒപാൽ സുചാത ഒന്നാമതെത്തിയത്. ഇന്ത്യക്കാരിയായ നന്ദിനി ഗുപ്ത അവസാന എട്ടിൽ ഇടംനേടിയില്ല. ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിയും മോഡലുമാണ് സുചാത. ലോകമെമ്പാടുനിന്നും 108 മത്സരാർഥികൾ മാറ്റുരച്ച വേദിയിൽ അവസാന ഇരുപതിലാണ് ഇന്ത്യയുടെ നന്ദിനി ഗുപ്ത ഇടംനേടിയത്. നിലവിലെ മിസ് വേൾഡ് ജേതാവായ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിസ്‌കോല ഒപാൽ സുചാതയെ കീരീടമണിയിച്ചു.
മേയ് ഏഴിന് ആരംഭിച്ച മിസ് വേൾഡ് മത്സരത്തിന്റെ ആദ്യഘട്ടത്തിൽ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 108 പേരായിരുന്നു ഉണ്ടായിരുന്നത്. അമേരിക്ക-കരീബിയൻ, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ,-ഓഷ്യാനിയ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം. ആദ്യഘട്ട എലിമിനേഷന് ശേഷം ഇരുപത് പേർ അടുത്ത ഘട്ടത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇവരിൽ നിന്ന് എട്ട് പേർ അടുത്ത ഘട്ടത്തിലെത്തി. അവസാനഘട്ടത്തിൽ ഓരോവിഭാഗത്തിൽ നിന്നും ഒരാൾ മാത്രം തിരഞ്ഞെടുക്കപ്പെട്ടു. അവസാന നാലിൽ നിന്നാണ് ഒപാൽ സുഷാത ലോകസുന്ദരിപ്പട്ടം ചൂടിയത്.
മിസ് വേൾഡ് മത്സരവുമായി ബന്ധപ്പെട്ട് ഒരു മാസം നീണ്ട പരിപാടികളായിരുന്നു തെലങ്കാനയിൽ സംഘടിപ്പിച്ചത്. ഇത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തെലങ്കാനയിലെ പ്രസിദ്ധമായ രാമപ്പക്ഷേത്രം സന്ദർശിക്കുന്നതിനിടെ സ്ത്രീകൾ മിസ് വേൾഡ് മത്സരാർത്ഥികളുടെ കാലുകൾ കഴുകുന്ന വീഡിയോ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പുറമേ സംഘാടകർക്കെതിരെ ഗുരുതര ആരോപണമുയർത്തി മിസ് വേൾഡ് മത്സരത്തിൽ നിന്ന് മിസ് ഇംഗ്ലണ്ട് മില്ല മാഗി പിന്മാറിയതും ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പരിപാടിയുടെ ഭാഗമായ സമ്പന്നരായ പുരുഷന്മാരോട് ഇടപഴകാൻ സംഘാടകർ നിർബന്ധിച്ചെന്നും വിനോദ പരിപാടികളിലും മറ്റും വിശ്രമിക്കാൻ അനുവദിക്കാതെ പങ്കെടുപ്പിച്ചെന്നും ആരോപിച്ചായിരുന്നു പിന്മാറ്റം.
മുൻ ലോകസുന്ദരി മാനുഷി ഛില്ലർ, നടൻ റാണ ദഗുബാട്ടി, നടി നമ്രത ശിരോദ്കർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചിരുന്നു. ജാക്വിലിൻ ഫെർണാണ്ടസ്, ഇഷാൻ ഖട്ടർ എന്നിവരുടെ കലാപരിപാടികളും അരങ്ങേറിയിരുന്നു. തുടർച്ചയായി രണ്ടാംവർഷമാണ് ഇന്ത്യ ലോകസുന്ദരിമത്സരത്തിന്റെ വേദിയാകുന്നത്.



