വിദേശരാജ്യങ്ങൾക്ക് അധികത്തീരുവ ചുമത്തി ആഗോളവ്യാപാരയുദ്ധത്തിന് തുടക്കമിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി നൽകിയ കോടതിയുത്തരവ് അപ്പീൽകോടതി മരവിപ്പിച്ചു. തീരുവ പിരിക്കാൻ അപ്പീൽ കോടതിയുടെ അനുമതി. രാജ്യങ്ങളുടെ മേൽ വലിയ തോതിൽ തീരുവ ഏർപ്പെടുത്തി ട്രംപ് അധികാര പരിധി മറികടന്നെന്ന് കാണിച്ചായിരുന്നു കോടതി വിധി.
വിധി മരവിപ്പിക്കേണ്ടത് രാജ്യസുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന് ചൂണ്ടികാട്ടിയാണ് ട്രംപ് ഭരണകൂടം അപ്പീൽ നൽകിയത്. തീരുവ നടപ്പാക്കാനുള്ള തീരുമാനം യുഎസ് പ്രസിഡന്റിന്റെ അധികാര പരിധിയിൽ വരില്ലെന്നാണ് ഇന്നലെ കോടതി നിരീക്ഷിച്ചത്. മാൻഹൾട്ടൻ ആസ്ഥാനമാക്കിയുള്ള കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്ന അധികാര പരിധിക്കും അപ്പുറമാണ് അധിക ചുങ്കം ഏർപ്പെടുത്തിയ തീരുമാനം എന്നാണ് മൂന്നംഗ ഫെഡറൽ കോടതി പറയുന്നത്.
1977 ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവർ ആക്റ്റ് ഉദ്ധരിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. മറ്റ് രാജ്യങ്ങളുമായുള്ള വാണിജ്യം നിയന്ത്രിക്കുന്നതിന് അമേരിക്കൻ ഭരണഘടന അധികാരം നൽകുന്നത് യുഎസ് കോൺഗ്രസിനെന്നും ഫെഡറൽ കോടതി വ്യക്തമാക്കി.



