പിക്കറിംഗിലെ വീടിന് പുറത്ത് പട്ടാപ്പകൽ വയോധിക കുത്തേറ്റു മരിച്ച സംഭവത്തിൽ പതിനാലുകാരനെതിരെ കൊലക്കുറ്റം ചുമത്തി. ടൊറന്റോയ്ക്ക് കിഴക്കുള്ള പിക്കറിംഗിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം. ഒരു പ്രകോപനവുമില്ലാതെയായിരുന്നു കൊലപാതകമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
വ്യാഴാഴ്ച ലിൻ ഹൈറ്റ്സ് ഡ്രൈവിലെ വീടിന് പുറത്തിരിക്കുന്ന സ്ത്രീയുടെ അടുത്തേക്ക് പ്രതി എത്തുകയും ഒരു ചെറിയ സംഭാഷണത്തിനുശേഷം, പ്രതി സ്ത്രീയെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. അന്നേ ദിവസം മണിക്കൂറുകൾ നീണ്ട തിരച്ചിലിനുശേഷം, രാത്രി 8:30 ഓടെയാണ് പ്രതി പിടിയിലായത്. ഇരയും പ്രതിയും തമ്മിൽ ഏതെങ്കിലും രീതിയിലുള്ള മുൻപരിചയം ഉള്ളതായി പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.



