ടെസ്‌ല, സ്പേസ് എക്സ് മേധാവിയായ പ്രമുഖ വ്യവസായി ഇലോൺ മസ്ക് വൈറ്റ് ഹൗസിലെ ഉപദേശക സ്ഥാനത്തുനിന്ന് രാജിവെച്ചതായി റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിൽ സർക്കാരിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി രൂപീകരിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE)യുടെ മുഖ്യ ഉപദേഷ്ടാവായി പ്രവർത്തിച്ച് വരുന്നതിനിടെയാണ് ഇന്നലെ മസ്ക് രാജി പ്രഖ്യാപിച്ചത്. ‘പ്രത്യേക സർക്കാർ ജീവനക്കാരൻ’ എന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിക്കുന്നതിനാലാണ് രാജിയെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ മസ്ക് അറിയിച്ചു.
ഡോജിലെ സമയം കഴിയുന്നു എന്നും തന്റെ കടമ, സർക്കാരിന്റെ ഒരു പ്രത്യേക ജീവനക്കാരൻ എന്ന രീതിയിൽ നിർവ്വഹിച്ചുകഴിഞ്ഞു എന്നും ആണ് പടിയറക്ക വേളയിൽ മസ്‌ക് പറഞ്ഞത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നന്ദി പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മസ്‌കിന്റെ പടിയിറക്കത്തിന് പിന്നിൽ ഡൊണാൾഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസം ആണെന്നാണ് മാധ്യമ വാർത്തകൾ. ട്രംപിന്റെ താരിഫ് നയങ്ങളിൽ മസ്‌കിന്റെ എതിർപ്പുകൾ നേരത്തേ തന്നെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സർക്കാരിന്റെ പാഴ്‌ചെലവുകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഡോജ് സ്ഥാപിച്ചത്. അങ്ങനെ ചെലവുകൾ കുറയ്ക്കാൻ നൽകിയ അവസരത്തിന് നന്ദി പറയുന്നുണ്ട് മസ്ക്.



