യുഎസ് കാനഡ അതിർത്തിയിൽ ഇന്ത്യൻ കുടുംബം അതിദാരുണമായി കൊല്ലപ്പെട്ട കേസിൽ രണ്ട് പേർക്ക് തടവ് ശിക്ഷ വിധിച്ച് യുഎസ്.
ഇന്ത്യൻ വംശജനായ ഹർഷ്കുമാർ രാമൻലാൽ പട്ടേൽ (29) ഫ്ലോറിഡയിൽ നിന്നുള്ള സ്റ്റീവ് ആന്റണി ഷാൻഡിൻ (50) എന്നിവർക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. ഹർഷ്കുമാർ പട്ടേലിന് 10 വർഷവും കൂട്ടുപ്രതിയായ സ്റ്റീവ് ആന്റണിക്ക് ആറ് വർഷവുമാണ് തടവ്.വ്യാജ വിദ്യാർഥി വീസയിൽ ഇന്ത്യൻ പൗരന്മാരെ കാനഡയിലെത്തിച്ച് പിന്നീട് യുഎസിലേക്ക് കടത്തിയ മനുഷ്യക്കടത്ത് ശൃംഖലയിൽ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്.
2022 ജനുവരി 19നാണ് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) ഇന്ത്യൻ കുടുംബത്തെ യുഎസ്-കാനഡ അതിർത്തിക്കു സമീപം കനത്ത മഞ്ഞിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുജറാത്തിലെ ഗാന്ധിനഗർ സ്വദേശികളായ ജഗദീഷ് ബൽദേവ്ഭായ് പട്ടേൽ (39), വൈശാലിബെൻ ജഗദീഷ് കുമാർ പട്ടേൽ (37), വിഹാംഗി (11), ധർമിക് (3) എന്നിവരാണ് ദാരുണമായി മരിച്ചത്. യുഎസ്-കാനഡ അതിർത്തിയിൽ നിന്ന് 12 മീറ്റർ അകലെയുള്ള മാനിറ്റോബയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഠിനമായ ശൈത്യത്തെ തുടർന്ന് ഇവർ തണുത്ത് മരവിച്ച് മരിച്ചതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജഗദീഷ് തന്റെ മൂന്നുവയസ്സുകാരനായ മകൻ ധാർമികിനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചിരുന്നു. മരണത്തിന് രണ്ടാഴ്ച മുൻപാണ് ഇന്ത്യൻ കുടുംബം സന്ദർശക വീസയിൽ കാനഡയിൽ എത്തിയത്. അവിടെ നിന്നും വാനിലൂടെ യുഎസിലേക്ക് കടത്താൻ ശ്രമിച്ച ഓപ്പറേഷന്റെ ഭാഗമായിരുന്നു ഈ കുടുംബമെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ പറഞ്ഞു.



