കാനഡയിൽ കരടിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. വ്യാഴാഴ്ച പുലർച്ചെ ടിമ്മിൻസിലാണ് സംഭവം. “അടുത്തുള്ള ഒരു മരത്തിൽ ഒരു കരടിക്കുട്ടിയെ കണ്ടപ്പോൾ ഒരു താമസക്കാരൻ അവരുടെ നായയെ പുറത്തു വിട്ടിരുന്നു, തുടർന്ന് നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇയാളെ അമ്മക്കരടി എത്തി ആക്രമിക്കുകയായിരുന്നു. സഹായിക്കാൻ ശ്രമിച്ച ഒരു കുടുംബാംഗത്തിനും പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല” പോലീസ് ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
പോലീസ് എത്തി പ്രദേശത്ത് തിരച്ചിലും പട്രോളിംഗും നടത്തിയെങ്കിലും കരടികളെ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. ഈ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പ്രകൃതിവിഭവ മന്ത്രാലയം തീരുമാനിച്ചു. പ്രദേശത്ത് കരടികൾക്കായി കെണികൾ സ്ഥാപിക്കാൻ എംഎൻആർ പദ്ധതിയിടുന്നുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു. കരടികളെ കണ്ടാൽ ഒരിക്കലും അവയുടെ അടുത്തേക്ക് പോകരുതെന്ന് പോലീസ് പൊതുജനങ്ങൾക്ക് നിർദേശം നൽകി.



