കാൻ ചലച്ചിത്രമേളയിൽ ശ്രദ്ധേയമായ പ്രസ്താവനയുമായി രംഗത്തെത്തി പ്രശസ്ത ചിലിയൻ-അമേരിക്കൻ നടൻ പെഡ്രോ പാസ്കൽ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളെ ശക്തമായി വിമർശിച്ച നടൻ, കലാകാരന്മാരെ ലക്ഷ്യം വെക്കുന്ന അമേരിക്കൻ സർക്കാർ നിലപാടുകൾക്കെതിരെ പ്രതിരോധിക്കാൻ ഒന്നിച്ച നിൽക്കാനും നടൻ ആവശ്യപ്പെട്ടു. ‘എഡിംഗ്ടൺ’ എന്ന സിനിമയുടെ പ്രദർശനത്തിന് വേണ്ടി മേളയിൽ എത്തിയപ്പോഴായിരുന്നു പാസ്കലിന്റെ ശ്രദ്ധേയമായ പ്രസ്താവന. “നിങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുന്നവരെ എതിർക്കുക. അവരെ ഒരിക്കലും വിജയിക്കാൻ അനുവദിക്കരുത്. തിരിച്ചടിക്കുകയാണ് ചെയ്യേണ്ടത്,” എന്ന സന്ദേശവും അദ്ദേഹം നൽകി.
“ഞാനൊരു കുടിയേറ്റക്കാരനാണ്. ഒൻപത് മാസം പ്രായമുള്ളപ്പോൾ എന്റെ മാതാപിതാക്കൾ ചിലിയിൽ നിന്നും അഭയാർത്ഥികളായി കുടിയേറി വന്നവരാണ്. സ്വേച്ഛാധിപത്യത്തിൽ നിന്ന് പലായനം ചെയ്ത് ഡെൻമാർക്കിലേക്കും പിന്നീട് അമേരിക്കയിലേക്കും എത്തിയവരാണ് ഞങ്ങൾ. അങ്ങനെ അല്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് എന്ത് സംഭവിക്കുമായിരുന്നുവെന്ന് എനിക്കറിയില്ല,” എന്ന് പറഞ്ഞ് സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾ എത്രമാത്രം ഭയപ്പെടുത്തുന്നതാണെന്ന് പാസ്കൽ വിശദീകരിച്ചു. ഇപ്പോൾ അദ്ദേഹത്തിന് ലഭിക്കുന്ന സംരക്ഷണമാണ് തന്റെ നിലനിൽപ്പിന്റെ അടിസ്ഥാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഭയപ്പെടുത്തി വിജയിക്കുന്ന രീതിയാണ് അവരുടേത്. അവർ കഥകൾ പറഞ്ഞു കൊണ്ടേയിരിക്കും. നിങ്ങൾ നിങ്ങളായി തന്നെ നിലനിൽക്കുക,” എന്ന് നടൻ ആവശ്യപ്പെട്ടു. ഒരു അഭിനേതാവിന് രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കുന്നത് ചിലപ്പോൾ ഭയപ്പെടേണ്ട കാര്യമാണെങ്കിലും, ജനങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി നിലകൊള്ളേണ്ടതിന്റെ പ്രാധാന്യം അദ്ദേഹത്തിന്റെ വാക്കുകളിൽ വ്യക്തമായിരുന്നു.



