കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് പ്രവേശിക്കുന്നവർക്ക് പുതിയ യാത്രാനിയമങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് യു.എസ്.അമേരിക്കൻ അതിർത്തികളിൽ പ്രവേശിക്കുന്ന കാനഡക്കാർക്ക് ഇനി മുതൽ ഫേസ് സ്കാനിംഗ് സംവിധാനത്തിലൂടെ കടന്നുപോകേണ്ടതായി വരും. നിലവിൽ അതിർത്തിയിൽ തിരിച്ചറിയൽ രേഖകളും ചോദ്യോത്തരങ്ങളും മാത്രമായിരുന്നു പരിശോധന.
എന്നാൽ ഇനി മുതൽ ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഫേസ് സ്കാനിംഗും യുഎസ് കസ്റ്റംസ് ഉൾപ്പെടുത്തുകയാണ്. ഇതിലൂടെ കൂടുതൽ കൃത്യമായ തിരിച്ചറിയലും വിസ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയിൽ തുടരുന്നവരെ കണ്ടെത്തുന്നതിനുമാണ് ശ്രമം.
“രാജ്യസുരക്ഷ മുൻനിർത്തിയുള്ള ഈ നടപടി ഉടൻ തന്നെ നടപ്പിലാക്കും.
എന്നാൽ “സ്വകാര്യതാ ആശങ്കകൾ പരിഹരിക്കുന്നതിന് മാന്വൽ പരിശോധനയും തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും”, യുഎസ് കസ്റ്റംസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ വിമാനത്താവളങ്ങളിൽ മാത്രം ഉപയോഗിച്ചിരുന്ന ഈ സംവിധാനം ഇപ്പോൾ കരയാത്രക്കാർക്കും ബാധകമാകുന്നു എന്നതാണ് പ്രധാന മാറ്റം. ഈ സംവിധാനം എന്നു മുതൽ പൂർണതോതിൽ നടപ്പിലാക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.



