കിഴക്കൻ മാനിറ്റോബയിലെ ലാക് ഡു ബോണറ്റിന് സമീപം പടർന്നു പിടിച്ച കാട്ടുതീ കാരണം ഏകദേശം 1,000 പേരെ അടിയന്തിരമായി ഒഴിപ്പിക്കേണ്ടി വന്നു. ഏകദേശം 5,000 ഹെക്ടർ വിസ്തൃതിയിൽ പടർന്ന ഈ കാട്ടുതീ നിയന്ത്രിക്കാൻ അധികാരികൾ ശ്രമിക്കുന്നതിനിടെ, അപ്രവചനീയമായ കാറ്റിന്റെ ദിശമാറ്റങ്ങൾ കാരണം ചൊവ്വാഴ്ച ഒഴിപ്പിക്കൽ ഉത്തരവുകൾ ഏഴ് തവണ വിപുലീകരിക്കേണ്ടി വന്നു.
“ഇത് ഞങ്ങളുടെ സമൂഹത്തിന് വളരെ ഇരുണ്ട ദിവസമാണ്,” എന്ന് ലാക് ഡു ബോണറ്റ് റീവ് ലോറൻ ഷിങ്കൽ പറഞ്ഞു.തണുപ്പുള്ള കാലാവസ്ഥ ചെറിയൊരു ആശ്വാസം നൽകുന്നുവെങ്കിലും, കാറ്റ് ഇപ്പോൾ വടക്കുനിന്ന് വീശാൻ തുടങ്ങിയത് തീ വീണ്ടും ഹൈവേ 313-ലേക്ക് പടരാൻ സാധ്യത ഉയർത്തുന്നു. ഇതു കൂടുതൽ വീടുകളെയും വസ്തുവകകളെയും ഭീഷണിയിലാക്കുകയും അഗ്നിശമന ശ്രമങ്ങൾ കൂടുതൽ കടുത്തതാക്കുകയും ചെയ്യുമെന്നുള്ള ആശങ്ക അധികൃതർക്കുണ്ട്.
പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, പ്രത്യേകിച്ച് വെൻഡിഗോ ബീച്ച് പ്രദേശത്ത് നിരവധി വീടുകളും ഘടനകളും തകർക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. RCMP സേനയും മറ്റ് രക്ഷാപ്രവർത്തന സംഘങ്ങളും ഹൈവേ 313ലടക്കം റോഡ്ബ്ലോക്കുകൾ സ്ഥാപിച്ച് അടിയന്തിര വാഹനങ്ങൾക്ക് മാത്രം കടന്നു പോകാനാകൂവെന്ന് ഉറപ്പാക്കി. ഇവർ ഒഴിപ്പിക്കൽ നടപടികൾക്ക് പിന്തുണ നൽകുന്നതിനോടൊപ്പം മനുഷ്യരും അവരുടേതായ വസ്തുവകകളും സുരക്ഷിതമാക്കാൻ ഉദ്യോഗസ്ഥർ കഠിന പരിശ്രമത്തിലാണ്.
ലാക് ഡു ബോണറ്റിലെ കാട്ടുതീയുടെ കനത്ത ആഘാതം സമീപ പ്രദേശങ്ങളായ വൈറ്റ്ഷെൽ പ്രൊവിൻഷ്യൽ പാർക്ക്, വാലസ് ലേക്ക്, മാനിഗോട്ടാഗൻ റിവർ തുടങ്ങിയ വിനോദസഞ്ചാര മേഖലകളിലേക്കും പടർന്ന് നീങ്ങുകയാണ്. നിയന്ത്രണവിധേയമല്ലാത്ത തീ ഇപ്പോഴും അതിന്റെ ശക്തി കാട്ടിക്കൊണ്ടിരിക്കുന്നതിനാൽ അതിന്റെ ദിശയും വ്യാപനവും നിരന്തരം വിലയിരുത്തുകയും ചെയ്യുന്നു. ഒഴിപ്പിക്കപ്പെട്ടവർ ലാക് ഡു ബോണറ്റ് ടൗണിലെ കമ്മ്യൂണിറ്റി ഹാളിൽ എത്തി പേര് രജിസ്റ്റർ ചെയ്യണം, അല്ലെങ്കിൽ നൽകിയ നമ്പരിൽ ഫോൺ ചെയ്ത് രജിസ്‌ട്രേഷൻ പൂര്‍ത്തിയാക്കണം എന്നാണ് അധികാരികളുടെ നിർദ്ദേശം.



