കാലാവസ്ഥ വ്യതിയാനങ്ങൾ കാരണം ഒന്റാറിയോയിൽ കൊതുക് ശല്യം രൂക്ഷമാകുമെന്ന് വിദഗ്ധർ. ഒന്റാറിയോയിൽ ചൂട് കൂടിയതോടെ, കൊതുകുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചെന്നാണ് പെസ്റ്റ് കൺട്രോൾ വിഭാഗത്തിന് ലഭിക്കുന്ന കോളുകളിൽ നിന്ന് മനസ്സിലാക്കേണ്ടത്.ശൈത്യകാലത്തും വസന്തത്തിന്റെ തുടക്കത്തിലും ഒന്റാറിയോയുടെ ചില ഭാഗങ്ങളിലുണ്ടാകുന്ന മഞ്ഞുവീഴ്ച ഭൂമിയിൽ ഈർപ്പമുള്ള അവസ്ഥയ്ക്ക് കാരണമായി. പകൽ സമയത്തും രാത്രിയിലും ചൂടുള്ള താപനില കണക്കിലെടുക്കുകയാണെങ്കിൽ, വരും ആഴ്ചകളിൽ ഇതെല്ലാം കൊതുകുകളുടെ പ്രജനനത്തിന് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
കൊതുകുകളെ നിയന്ത്രിക്കാൻ എന്താണ് മാർഗം?
മെയ് അവസാനത്തോടെയോ ജൂൺ ആദ്യത്തോടെയോ മഴയിൽ നേരിയ വർദ്ധനവ് കാണാൻ കഴിയുമെന്ന് ചില സൂചനകൾ ലഭിക്കുന്നു.
താപനിലയെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് വടക്കൻ ഒന്റാറിയോയിൽ ചൂടുള്ള ശൈത്യകാലവും വസന്തത്തിന്റെ തുടക്കവും ഉണ്ടെന്ന് സ്ഥിരീകരിക്കുന്നുണ്ട്, വരും മാസങ്ങളിൽ സീസണൽ താപനിലയ്ക്ക് മുകളിലുള്ള ചൂട് പ്രതീക്ഷിക്കാമെന്നും വിദഗ്ധർ പറഞ്ഞു. അതുകൊണ്ട് തന്നെ കൊതുകുകളുടെ എണ്ണം ഇരട്ടിയാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വെസ്റ്റ് നൈൽ വൈറസ് പോലുള്ള രോഗങ്ങൾ പടരാനും സാധ്യതയുണ്ട്.
ജൂൺ ആദ്യം മുതൽ വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിൽ ലാർവിസൈഡുകൾ സ്ഥാപിക്കണമെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകി. കൊതുകുകടി ഏൽക്കാതിരിക്കാൻ ടൊറന്റോ പബ്ലിക് ഹെൽത്ത് ഉദ്യോഗസ്ഥർ ആളുകളോട് ഇളം നിറത്തിലുള്ളതും നീളൻ കൈയുള്ളതുമായ വസ്ത്രങ്ങൾ ധരിക്കാനും, ഹെൽത്ത് കാനഡ അംഗീകരിച്ച കീടനാശിനി ഉപയോഗിക്കാനും അഭ്യർഥിച്ചു. തിരക്കേറിയ സമയങ്ങളിൽകൂടുതൽ മുൻകരുതലുകൾ എടുക്കാനും, ജനാലകളുടെയും വാതിലുകളുടെയും സ്‌ക്രീനുകൾ രണ്ടുതവണ പരിശോധിക്കാനും അധികൃതർ മുന്നറിയിപ്പ് നൽകി. വെള്ളം കെട്ടിനിൽക്കുന്ന കുളങ്ങൾ ഏതാനും ദിവസങ്ങൾ കൂടുമ്പോൾ വൃത്തിയാക്കാനും, കൊതുകുകൾക്ക് മുട്ടയിടാനുള്ള സാധ്യതയില്ലാതാക്കാനും ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.



