മനിറ്റോബയിലെ പെഗുയിസ് ഫസ്റ്റ് നേഷനിൽ ഉണ്ടായ വലിയ പുൽമേട് തീപിടിതത്തിൽ നിരവധി വീടുകൾ നശിപ്പിക്കുകയും നിരവധി പേരെ ഒഴിപ്പിക്കേണ്ടി വരികയും ചെയ്തതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 5 മണിയോടെ പെഗുയിസ് ഫസ്റ്റ് നേഷന്റെ തെക്കൻ ഭാഗത്താണ് തീപിടിത്തം ആരംഭിച്ചത്. ശക്തമായ കാറ്റ് തീ പടരുന്നതിന് കാരണമായി, ഇത് പ്രദേശം മുഴുവൻ പടരുകയും ചെയ്തു.
പെഗുയിസ് ഫസ്റ്റ് നേഷന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഡഗ് തോമസ് പറഞ്ഞതനുസരിച്ച് നിരവധി വീടുകൾക്ക് തീപിടിച്ചുവെന്നും തെക്കൻ ഭാഗത്താണ് തീ പടരുന്നതെന്നുമാണ്. തീപിടിത്തത്തെ തുടർന്ന് പെഗുയിസ് ഫസ്റ്റ് നേഷൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫിഷർ ബ്രാഞ്ച് ഓഫീസർമാരും ഒഴിപ്പിക്കൽ പ്രക്രിയകളിൽ സഹായിക്കുന്നുണ്ട്. അതേസമയം അഗ്നിശമന സേനയും വാട്ടർ ബോംബറുകളും തീ അണയ്ക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു.
ഒഴിപ്പിക്കപ്പെട്ടവർക്കായി അടിയന്തരമായി ക്യാമ്പുകൾ തുറന്നിട്ടുണ്ട്. എന്നാൽ ഇതുവരെ എത്ര വീടുകൾ ഒഴിപ്പിക്കപ്പെട്ടു അല്ലെങ്കിൽ എത്ര ആളുകൾക്ക് വീടുകൾ വിട്ടുപോകേണ്ടി വന്നുവെന്ന് വ്യക്തമല്ല. ചീഫ് സ്റ്റാൻ ബേർഡിനും പെഗുയിസ് ഫസ്റ്റ് നേഷൻ ജനങ്ങൾക്കും, ചീഫ് കുർവിസ് ആൻഡേഴ്സണും പിനയ്മൂട്ടാങ് ഫസ്റ്റ് നേഷൻ സമൂഹത്തിനും ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അയയ്ക്കുന്നു എന്ന് അസംബ്ലി ഓഫ് മാനിറ്റോബ ചീഫ്സ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
വിന്നിപെഗിൽ നിന്ന് ഏകദേശം 190 കിലോമീറ്റർ വടക്കായാണ് പെഗുയിസ് ഫസ്റ്റ് നേഷൻ സ്ഥിതി ചെയ്യുന്നത്. ഒജിബ്‌വെ, ക്രീ വംശജരായ ഏകദേശം 10,246 അംഗങ്ങൾ ഉള്ള ഈ സമൂഹം മനിറ്റോബയിലെ ഏറ്റവും വലിയ ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റിയാണ്. അഗ്നിബാധയുടെ കാരണം ഇതുവരെ അറിയില്ല. തീപിടിത്തത്തിൽ ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ അധികൃതർ ജാഗ്രത തുടരുന്നു.



