റെജീന യൂണിവേഴ്സിറ്റി 2025-26 അക്കാദമിക് വർഷത്തിനായി വിദ്യാർത്ഥി ഫീസ് 4% വർധിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. കുറഞ്ഞത് അഞ്ച് ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള ബജറ്റ് വെട്ടിക്കുറവുകളോടൊപ്പമാണ് ഈ തീരുമാനം വരുന്നത്. പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയതോതിലുള്ള കുറവും,സാധനങ്ങളുടെ വില വർദ്ധനവും ,അമേരിക്കയുമായി സാമ്പത്തികമായി നേരിടുന്ന പ്രശ്നങ്ങൾ എന്നിവയുടെ സ്വാധീനത്തിലാണ് രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ നിലയിലായത്.
യൂണിവേഴ്സിറ്റി പ്രസിഡന്റ് ജെഫ് കെഷൻ പറയുന്നതനുസരിച്ച്, 2025 വിന്റർ സെമസ്റ്ററിൽ പുതിയ അന്താരാഷ്ട്ര വിദ്യാർഥികളുടെ പ്രവേശനം 59% കുറഞ്ഞുവെന്നാണ്. കാനഡയിലെ ഇമിഗ്രേഷൻ, റെഫ്യൂജി ആൻഡ് സിറ്റിസൻഷിപ്പ് വകുപ്പിന്റെ (IRCC) മന്ദഗതിയിലുള്ള പ്രോസസിങ്ങും സ്റ്റുഡന്റസ് വിസ നിയമങ്ങളിൽ ഈ ഇടയായി വരുത്തിയ കാര്യമായ മാറ്റങ്ങൾളുമാണ് ഈ കടുത്ത ഇടിവിന് കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു.
ഈ കാലതാമസം റെജീന സർവകലാശാലയ്ക്കും രാജ്യത്താകെയുള്ള മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദശലക്ഷക്കണക്കിന് ഡോളറിന്റെ വരുമാന നഷ്ടമാണ് സൃഷ്ടിച്ചത്. പഠന പെർമിറ്റുകൾ നൽകുന്നതിൽ കുറവ് വരുത്തിയതുൾപ്പെടെയുള്ള IRCC യുടെ സമീപകാല നയ മാറ്റങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഭാവി അന്താരാഷ്ട്ര വിദ്യാർഥികളിൽ ഉത്കണ്ഠ വർധിപ്പിച്ചിട്ടുണ്ട്.
പ്രൊവിൻഷ്യൽ ഗവൺമെന്റുമായുള്ള മൾട്ടി-ഇയർ ഫണ്ടിംഗ് കരാർ ചില സ്ഥിരത നൽകിയെങ്കിലും, അതിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. വിദ്യാർത്ഥികളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിലും അന്താരാഷ്ട്ര അപേക്ഷകരെ ആകർഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഗൗരവമായ ശ്രദ്ധ കാണിച്ചു കൊണ്ടാണ് യൂണിവേഴ്സിറ്റി അധികൃതർ പ്രതികരിക്കുന്നത്. ഈ വെല്ലുവിളിയെ അതിജീവിക്കാൻ യൂണിവേഴ്സിറ്റി പുതിയ പദ്ധതികളും രൂപപ്പെടുത്തുന്നുണ്ട്.
ഈ സ്ഥിതിവിശേഷത്തിൽ, യൂണിവേഴ്സിറ്റി സമൂഹം വലിയ ആശങ്കയിലായിരിക്കുകയാണ്. അന്താരാഷ്ട്ര വിദ്യാർത്ഥികൾ സാംസ്കാരിക വൈവിധ്യത്തിനും സാമ്പത്തിക സ്ഥിരതയ്ക്കും ഒരുപോലെ സംഭാവന നൽകുന്ന സന്ദർഭത്തിലാണ് ഈ ഇടിവ് ഉണ്ടായത്. ജീവനക്കാരുടെ പിരിച്ചുവിടലും അക്കാദമിക് പ്രോഗ്രാമുകളുടെ ഗുണനിലവാരത്തെ ബാധിച്ചേക്കാവുന്ന ആശങ്കയും വർധിച്ചുവരികയാണ്.



