RCMP മുന്നറിയിപ്പ് നൽകിയതായി ജഗ്മീത് സിംഗ്
വിദേശ സർക്കാരുമായി ബന്ധപ്പെട്ട ഒരു വിശ്വസനീയമായ വധഭീഷണിയെക്കുറിച്ച് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) തന്നെ മുന്നറിയിപ്പ് നൽകിയതായി NDP നേതാവ് ജഗ്മീത് സിംഗ് വെളിപ്പെടുത്തി. 2023 അവസാനം ലഭിച്ച ഈ ഭീഷണിയെത്തുടർന്ന് ആഴ്ചകളോളം അദ്ദേഹം കനത്ത പോലീസ് സംരക്ഷണത്തിലായിരുന്നു.
“Duty to warn” അറിയിപ്പിലൂടെയാണ് ഈ ഭീഷണിയെക്കുറിച്ച് അദ്ദേഹത്തിന് വിവരം ലഭിച്ചത്. ഗർഭിണിയായിരുന്ന ഭാര്യയുൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ഇത് ഗുരുതരമായി ബാധിച്ചതായി സിംഗ് അറിയിച്ചു.RCMP ഉറവിടം വ്യക്തമാക്കിയില്ലെങ്കിലും ഒരു വിദേശ സർക്കാർ ആണ് ഭീഷണിക്ക് പിന്നിലെന്ന് സൂചന നൽകിയതായി അദ്ദേഹം പറഞ്ഞു.
“വിദേശ ഇടപെടലിന്റെ ഗൗരവം എടുത്തുകാണിക്കാനും, പല കനേഡിയൻ പൗരന്മാരും നേരിടുന്ന ഭീഷണികളെക്കുറിച്ച് ബോധവൽക്കരിക്കാനുമാണ് ഞാൻ ഇപ്പോൾ ഇക്കാര്യം പരസ്യമാക്കുന്നത്,” സിംഗ് പറഞ്ഞു. “എനിക്ക് ശക്തമായ RCMP സംരക്ഷണം ലഭിച്ചെങ്കിലും, സാധാരണ കനേഡിയൻ പൗരന്മാർക്ക് ഇത്തരം സംരക്ഷണം ലഭിക്കണമെന്നില്ല.”അദ്ദേഹം കൂട്ടിച്ചേർത്തു.
സിംഗിന്റെ വെളിപ്പെടുത്തൽ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പാണ് നടന്നത്. കനഡയുടെ പുതിയ ഡെന്റൽ കെയർ പദ്ധതി പോലുള്ള പരിപാടികൾക്കായി പ്രവർത്തിക്കുന്നതിനായി NDP നേതൃസ്ഥാനം ഒഴിയാതിരിക്കാൻ അദ്ദേഹം തീരുമാനിച്ചു. 2024 ആദ്യത്തോടെ ഭീഷണി കുറഞ്ഞതായി സിംഗ് സൂചിപ്പിച്ചു.


