മെക്സിക്കോ: മെക്സിക്കോയിലെ സിനലോവയിൽ തട്ടിക്കൊണ്ടുപോയ ഒൻപത് ഖനി തൊഴിലാളികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വാൻകൂവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ്ല സിൽവർ എന്ന ഖനന കമ്പനിയാണ് വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ജനുവരിയിൽ കോൺകോർഡിയ നഗരത്തിന് സമീപമുള്ള കമ്പനിയുടെ സ്റ്റാഫ് ക്വാർട്ടേഴ്സിൽ നിന്നാണ് പത്ത് തൊഴിലാളികളെ സായുധ സംഘം തട്ടിക്കൊണ്ടുപോയത്. ഇതിൽ ഒൻപത് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും കാണാതായ പത്താമത്തെ തൊഴിലാളിക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും കമ്പനി അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ കനേഡിയൻ പൗരന്മാർ ഉൾപ്പെട്ടിട്ടില്ലെന്ന് ഫെഡറൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതീവ ഹൃദയഭേദകമായ വാർത്തയാണിതെന്നും സഹപ്രവർത്തകരുടെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്കൊപ്പം കമ്പനി നിലകൊള്ളുന്നുവെന്നും വിസ്ല സിൽവർ പ്രസിഡന്റും സി.ഇ.ഒയുമായ മൈക്കൽ കോന്നർട്ട് പ്രസ്താവനയിൽ പറഞ്ഞു. മയക്കുമരുന്ന് മാഫിയകളുടെയും ക്രിമിനൽ സംഘങ്ങളുടെയും സാന്നിധ്യം ശക്തമായ മേഖലയിലാണ് ഈ ദാരുണ സംഭവം നടന്നത്. മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾ മെച്ചപ്പെടുത്തിയെന്ന ഔദ്യോഗിക അവകാശവാദങ്ങൾക്കിടയിലും ഖനി തൊഴിലാളികൾക്ക് നേരെ നടന്ന ഈ ആക്രമണം വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
9 silver miners abducted in Mexico confirmed dead




