ഒട്ടാവ: മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന യുദ്ധസഹചര്യത്തെത്തുടർന്ന് കുടുങ്ങിക്കിടക്കുന്ന കാനഡ പൗരന്മാരെയും സ്ഥിരതാമസക്കാരെയും തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ ഊർജിതമായി തുടരുന്നതായി വിദേശകാര്യ മന്ത്രാലയം. ഫെബ്രുവരി 28-ന് മേഖലയിൽ സംഘർഷം ആരംഭിച്ചതിന് പിന്നാലെ, പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി. വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 8,500 ഓളം പേർ കാനഡയിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇതിനുപുറമെ ആയിരത്തിലധികം പേരെ സുരക്ഷിതമായ മൂന്നാം രാജ്യങ്ങളിലേക്ക് മാറ്റിയതായും ഗ്ലോബൽ അഫയേഴ്‌സ് കാനഡ അറിയിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിൽ പൗരന്മാരെ ഒഴിപ്പിക്കാൻ സർക്കാരിന് നിയമപരമായ ബാധ്യതയില്ലെങ്കിലും, ഒരു സേവനം എന്ന നിലയിലാണ് ഈ ദൗത്യം നടപ്പിലാക്കുന്നത്. എംബസികളുമായും അന്താരാഷ്ട്ര ഏജൻസികളുമായും സഹകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഗ്ലോബൽ അഫയേഴ്‌സ് കാനഡയുടെ എമർജൻസി റെസ്‌പോൺസ് സെന്റർ വഴി വിദേശ രാജ്യങ്ങളിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി വരികയാണ്. ‘ഫൈവ് ഐസ്’ ഇന്റലിജൻസ് സഖ്യത്തിലെ രാജ്യങ്ങളുമായി ചേർന്ന് സുരക്ഷാ വിവരങ്ങൾ പങ്കുവെച്ചാണ് ഒഴിപ്പിക്കൽ പദ്ധതികൾ തയ്യാറാക്കുന്നത്. ഇതിനായി കൊമേഴ്ഷ്യൽ വിമാനങ്ങൾക്ക് പുറമെ പ്രത്യേക ചാർട്ടർ വിമാനങ്ങളും സൈനിക സഹായവും പ്രയോജനപ്പെടുത്തുന്നുണ്ട്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വലിയ സാമ്പത്തിക ബാധ്യതയാണ് സർക്കാർ നേരിടുന്നത്. ചാർട്ടർ വിമാനങ്ങൾക്കും ഉദ്യോഗസ്ഥരുടെ സേവനത്തിനുമായി കോടിക്കണക്കിന് ഡോളറാണ് ചിലവാകുന്നത്. 2024-ൽ ഹൈറ്റിയിൽ നിന്ന് പൗരന്മാരെ മാറ്റാൻ 10 മില്യൺ ഡോളറും, ലെബനൻ ദൗത്യത്തിനായി 4 മില്യൺ ഡോളറും ചിലവഴിച്ചിരുന്നു. നിലവിലെ മിഡിൽ ഈസ്റ്റ് പ്രതിസന്ധി നേരിടാൻ 40 മില്യൺ ഡോളറാണ് മാറ്റിവെച്ചിരിക്കുന്നത്. യാത്രക്കാരിൽ നിന്ന് വിമാന ടിക്കറ്റിന് തുല്യമായ തുക ഈടാക്കുന്നുണ്ടെങ്കിലും ബാക്കി വലിയൊരു തുക സർക്കാർ ഫണ്ടിൽ നിന്നാണ് കണ്ടെത്തുന്നത്. ഭാവിയിൽ ഇത്തരം ദൗത്യങ്ങൾ സാമ്പത്തികമായി വെല്ലുവിളിയാകുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Evacuation of Canadians continues; 8500 returnees; Government says heavy financial burden



