ഒട്ടാവ: കാനഡയിലെ ജനാധിപത്യ സംവിധാനത്തിന്റെ പ്രവർത്തനത്തിൽ ഭൂരിഭാഗം പൗരന്മാരും സംതൃപ്തരാണെന്ന് പുതിയ അഭിപ്രായ സർവേ റിപ്പോർട്ടുകൾ. പ്രമുഖ അനലിറ്റിക്സ് സ്ഥാപനമായ എൻവയ്റോണിക്സ് ഇൻസ്റ്റിറ്റ്യൂട്ട് (Environics Institute) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം 70 ശതമാനം കനേഡിയൻമാരും നിലവിലെ ഭരണരീതിയിൽ വിശ്വാസമർപ്പിക്കുന്നു. എന്നാൽ, രാഷ്ട്രീയ ചായ്വുകൾക്കനുസരിച്ച് ജനങ്ങൾക്കിടയിൽ ജനാധിപത്യ വിശ്വാസത്തിൽ പ്രകടമായ ധ്രുവീകരണം സംഭവിക്കുന്നതായും പഠനം മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ 15 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കാനഡയിലെ ജനാധിപത്യത്തോടുള്ള ജനങ്ങളുടെ തൃപ്തി വലിയ തകർച്ചകളില്ലാതെ തുടരുകയാണ്. 2010-ൽ 70 ശതമാനമായിരുന്ന തൃപ്തിനില, 2017-ൽ 79 ശതമാനമായി ഉയരുകയും 2023-ൽ 65-ലേക്ക് താഴുകയും ചെയ്തിരുന്നു. എന്നാൽ ഈ വർഷം വീണ്ടും 70 ശതമാനത്തിലെത്തി. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോൾ കാനഡ ഏറെ മുന്നിലാണ്. അമേരിക്കയിൽ 56 ശതമാനം ആളുകൾ മാത്രമാണ് സ്വന്തം ജനാധിപത്യ വ്യവസ്ഥയിൽ സംതൃപ്തി രേഖപ്പെടുത്തിയിട്ടുള്ളത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ, സുപ്രീം കോടതി, പാർലമെന്റ് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളിൽ ഭൂരിഭാഗം കനേഡിയൻമാർക്കും ഇപ്പോഴും ഉറച്ച വിശ്വാസമുണ്ട്. “മറ്റേതൊരു ഭരണരീതിയേക്കാളും മികച്ചത് ജനാധിപത്യമാണ്” എന്ന് 74 ശതമാനം പേരും അഭിപ്രായപ്പെട്ടു. രാഷ്ട്രീയ നേതാക്കളോട് വിയോജിപ്പും പ്രതിഷേധവും ഉണ്ടെങ്കിലും ജനാധിപത്യ സംവിധാനത്തെ തള്ളിക്കളയാൻ ജനങ്ങൾ തയ്യാറല്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
പൊതുവായ ചിത്രം ശുഭകരമാണെങ്കിലും, രാഷ്ട്രീയ പാർട്ടികളുടെ അടിസ്ഥാനത്തിൽ ജനങ്ങളുടെ വിശ്വാസത്തിൽ വലിയ വിടവ് രൂപപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച്, പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി വോട്ടർമാർക്കിടയിൽ ഭരണഘടനാ സ്ഥാപനങ്ങളോടുള്ള വിശ്വാസം കുത്തനെ കുറയുന്നതായി സർവേ വ്യക്തമാക്കുന്നു. ലിബറൽ വോട്ടർമാരിൽ 57 ശതമാനം പേർ കോടതിയിൽ വലിയ വിശ്വാസം പ്രകടിപ്പിക്കുമ്പോൾ, കൺസർവേറ്റീവ് വോട്ടർമാരിൽ ഇത് 24 ശതമാനം മാത്രമാണ്. വോട്ടുകൾ കൃത്യമായി എണ്ണപ്പെടുന്നുണ്ടെന്ന് വിശ്വസിക്കുന്ന കൺസർവേറ്റീവ് വോട്ടർമാരുടെ എണ്ണം 2021-ലെ 61 ശതമാനത്തിൽ നിന്ന് 37 ശതമാനമായി കുറഞ്ഞു.
അധികാരത്തിലിരിക്കുന്ന പാർട്ടിക്കനുസരിച്ച് ജനാധിപത്യ സ്ഥാപനങ്ങളോടുള്ള വിശ്വാസം മാറുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിദേശ ഇടപെടലുകളെക്കുറിച്ചുള്ള വിവാദങ്ങളും അമേരിക്കൻ രാഷ്ട്രീയത്തിലെ അസ്ഥിരതയും കനേഡിയൻമാരുടെ ചിന്താഗതിയെ സ്വാധീനിക്കുന്നുണ്ടെന്നാണ് നിഗമനം. ജനാധിപത്യ വിരുദ്ധമായ പ്രവണതകളെ പ്രോത്സാഹിപ്പിക്കണോ അതോ വിശ്വാസം വീണ്ടെടുക്കണോ എന്നത് രാഷ്ട്രീയ നേതൃത്വങ്ങളുടെ തീരുമാനമാണെന്ന് രാഷ്ട്രീയ ശാസ്ത്രജ്ഞനായ സ്റ്റുവർട്ട് പ്രെസ്റ്റ് അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ ആരോഗ്യം നിലനിർത്താൻ വോട്ടർമാരുടെ ബോധത്തോടൊപ്പം തന്നെ നേതാക്കളുടെ ഉത്തരവാദിത്തപരമായ ഇടപെടലും അത്യന്താപേക്ഷിതമാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
70% of Canadians satisfied with the Canadian government; Survey report released



