ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ആറ് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിന്റെ മുകളിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തി. സംഭവത്തിൽ പ്രതികളായ രണ്ട് യുവാക്കളെ പോലീസ് വെടിവെച്ച് വീഴ്ത്തി പിടികൂടി. സിക്കന്ദറബാദ് സ്വദേശികളായ രാജു, വീരു എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു നാടിനെ നടുക്കിയ ക്രൂരകൃത്യം പുറത്തറിഞ്ഞത്.
സിക്കന്ദറബാദ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു വാടക കെട്ടിടത്തിൽ താമസിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടി വീടിന്റെ ടെറസിൽ കളിച്ചുകൊണ്ടിരിക്കെ, ഇതേ കെട്ടിടത്തിൽ താമസക്കാരായ പ്രതികൾ കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി കുട്ടിയെ ടെറസിൽ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു. ഗുരുതരമായി പീഡനമേൽക്കുകയും വീഴ്ചയിൽ പരിക്കേൽക്കുകയും ചെയ്ത കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിക്കന്ദറബാദ് പൊലീസ് ഉടൻ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തുടർന്ന് ശനിയാഴ്ച വൈകുന്നേരത്തോടെ പ്രതികൾ കൻവാര മേഖലയിൽ ഒളിച്ചിരിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു.
പ്രതികൾ ഒളിച്ചിരുന്ന സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ ഇവർ ആക്രമണം നടത്താൻ ശ്രമിച്ചു. ഇതോടെ പ്രതിരോധത്തിനായി പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഇരുവരുടെയും കാലിന് പരിക്കേറ്റു. പരിക്കേറ്റ പ്രതികളെ നിലവിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊലപാതകം, കൂട്ടബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചേർത്താണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
6-year-old girl raped and thrown to death from terrace in UP; Police shoot dead the accused



