മൗറീഷ്യസിലെ സിർ സീവൂസാഗുർ രാംഗൂലം വിമാനത്താവളത്തിൽ 14 കിലോഗ്രാം കഞ്ചാവ് ആറ് വയസ്സുകാരനായ ബ്രിട്ടീഷ് ബാലന്റെ ബാഗിൽ നിന്ന് പിടികൂടി. സംഭവത്തിനെ തുടർന്ന് പോലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ പെട്ടിയിൽ 24 പാക്കറ്റ് കഞ്ചാവും അമ്മയുടെ പെട്ടിയിൽ 17 കിലോഗ്രാം കഞ്ചാവും ഉണ്ടായിരുന്നു. ഇവരെ കൂടാതെ ഒരു റൊമാനിയൻ പൗരനും പിടിയിലായിട്ടുണ്ട്.
ഞായറാഴ്ച ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ ഗാറ്റ്‌വിക്കിൽ നിന്നെത്തിയ സംഘം 161 കിലോഗ്രാമിലധികം കഞ്ചാവാണ് കടത്താൻ ശ്രമിച്ചത്. ഇതിന് ഏകദേശം 1.6 ദശലക്ഷം പൗണ്ട് (ഏകദേശം 18.8 കോടി രൂപ) വിലവരും. മയക്കുമരുന്ന് കടത്താനായി കുട്ടികളെ ഉപയോഗിക്കുന്നതിനെ മൗറീഷ്യൻ അധികൃതർ “അരോചകവും മനുഷ്യത്വരഹിതവുമാണെന്ന്” വിശേഷിപ്പിച്ചു.
ഇത് അടുത്ത കാലത്ത് കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ഭീകരമായ കേസുകളിലൊന്നാണെന്നും അവർ കൂട്ടിച്ചേർത്തു. പെട്ടിയിലുള്ള സാധനങ്ങളെക്കുറിച്ച് കുട്ടിക്ക് അറിവില്ലായിരുന്നു. ബുധനാഴ്ച കുട്ടിയെ യുകെയിലേക്ക് തിരിച്ചയക്കുകയും നിലവിൽ പിതാവിനൊപ്പം കഴിയുകയുമാണ്.
കടത്തിയ കഞ്ചാവിനൊപ്പം 11 ആപ്പിൾ എയർടാഗുകൾ കണ്ടെത്തിയത് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം വെളിവാക്കുന്നുണ്ട്. കസ്റ്റംസ് ആന്റി-നാർക്കോട്ടിക്സ് വിഭാഗവും (CANS) ആന്റി-ഡ്രഗ് & സ്മഗ്ളിംഗ് യൂണിറ്റും (ADSU) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്.
യൂറോപ്പിൽ നിന്ന് മൗറീഷ്യസിലേക്ക് മയക്കുമരുന്ന് കടത്തുന്ന ഒരു സംഘടിത കുറ്റകൃത്യ ശൃംഖലയുടെ ഭാഗമായാണ് ഈ സംഘത്തെ അധികൃതർ കണക്കാക്കുന്നത്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ഏഴ് പ്രതികളെ മയക്കുമരുന്ന് കടത്ത് കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച ദ്വീപിന്റെ തെക്കുകിഴക്കൻ തീരത്തുള്ള മഹിബർഗ് കോടതിയിൽ ഹാജരാക്കിയ ഇവർ നിലവിൽ വിചാരണ കാത്ത് തടങ്കലിൽ കഴിയുകയാണ്. കൂടുതൽ വിദേശ യാത്രക്കാർ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് പൗരന്മാർ താമസിക്കുന്ന ഹോട്ടലുകളിൽ പോലീസ് റെയ്ഡ് നടത്തിയെങ്കിലും അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
ഈ വിഷയത്തിൽ ബ്രിട്ടീഷ് പൗരന്മാർക്ക് സഹായം നൽകുന്നുണ്ടെന്നും പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടുവരികയാണെന്നും യുകെ ഫോറിൻ ഓഫീസ് വക്താവ് അറിയിച്ചു.



