പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം അമേരിക്ക സന്ദർശിക്കും. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കുന്നതിനൊപ്പം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഈ കൂടിക്കാഴ്ച. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതിന്റെ പേരിൽ അമേരിക്ക ഇന്ത്യക്ക് മേൽ 50 ശതമാനം അധിക താരിഫ് ഏർപ്പെടുത്തിയിരുന്നു.
ഇതിന് തിരിച്ചടി നൽകാൻ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അലുമിനിയം, സ്റ്റീൽ, തുണിത്തരങ്ങൾ തുടങ്ങിയ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പകരം തീരുവ ഈടാക്കാനാണ് ഇന്ത്യയുടെ നീക്കം. കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്ത്യക്ക് മേൽ 50 ശതമാനം താരിഫ് ഏർപ്പെടുത്താനുള്ള ട്രംപിന്റെ ഉത്തരവ് വന്നത്. എന്നാൽ, താരിഫ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ ഇതുവരെ അമേരിക്കൻ ഭരണകൂടത്തെ സമീപിച്ചിട്ടില്ല. പ്രധാനമന്ത്രി മോദിയും ട്രംപിനെ വിളിച്ചിട്ടില്ല.
അമേരിക്കൻ നീക്കത്തെ നേരിടുമെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ ഇന്ത്യ നൽകിയത്. എന്നാൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്കും ഇന്ത്യ പകരം താരിഫ് പ്രഖ്യാപിക്കണമെന്ന വികാരം ബിജെപിയിലും ആർഎസ്എസിലും ശക്തമാണ്.
അതേസമയം, ചൈനയ്ക്ക് തീരുവയിൽ ആനുകൂല്യം നൽകി ട്രംപ് അനുകൂല നിലപാട് സ്വീകരിച്ചു.
ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള അധിക ഇറക്കുമതി തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചു. ചൈനയ്ക്കെതിരെ ഇന്ന് മുതൽ പ്രാബല്യത്തിൽ വരേണ്ട 145 ശതമാനം താരിഫായാണ് നവംബർ വരെ നീട്ടിയത്. ചൈനയുമായുള്ള ചർച്ചകൾ നല്ല നിലയിലാണെന്നും ഉടൻതന്നെ ഒരു വ്യാപാര കരാർ ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു.



